കൊച്ചി: മരടിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ വില്പന നടത്തിയതു സംബന്ധിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ നഗരസഭയിലെത്തിയ ഉദ്യോഗസ്ഥർ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട അഞ്ച്‌ ഫ്ളാറ്റുകളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റ‌ഡിയിലെടുത്തു. നിർമ്മാണത്തിന് അപേക്ഷ സമർപ്പിച്ചതു മുതലുള്ള ഫയലുകൾ ഇതിലുണ്ട്. ഫ്ളാറ്റുകൾ നിർമ്മിക്കാൻ തീരദേശപരിപാലനനിയമം ലംഘിച്ച് ആരാണ് അനുമതി നൽകിയതെന്നാണ് പ്രധാനമായും അന്വേഷിക്കുക. ഇതിൽ പങ്കുള്ള ഉദ്യോഗസ്ഥരെയും ശുപാർശ ചെയ്‌തവരെയും കണ്ടെത്തും.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന്‌ ചില ഫ്ളാറ്റ് ഉടമകൾ നിർമ്മാതാക്കൾക്കെതിരെ മരട്, പനങ്ങാട് പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു. ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ഡിവൈ.എസ്.പി ജോസി ചെറിയാൻ, കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബിജി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.15 ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡി.ജി.പിയുടെ നിർദ്ദേശം.
നിയമലംഘനം നടത്തി നിർമ്മിച്ച ഫ്ളാറ്റുകൾ തെറ്റിദ്ധരിപ്പിച്ച് വാങ്ങിപ്പിക്കുകയും പല തവണകളായി 75 ലക്ഷം മുതൽ 80 ലക്ഷം രൂപവരെ വാങ്ങിയെടുക്കുകയും ചെയ്തെന്നാണ് ഉടമകളുടെ പരാതി. ഫ്ളാറ്റ് നിർമ്മാണ കമ്പനികളുടെ ഡയറക്‌ടർമാർക്കെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.