കോലഞ്ചേരി: മദ്യപിച്ച് ലക്ക് കെട്ട് പൊലീസ് സ്റ്റേഷനിൽ താണ്ഡവമാടിയ ആക്രി വിൽപ്പനക്കാരായ ദമ്പതികളെ തലോടുക പോലും ചെയ്യാതെക്ഷമകാണിച്ച കേരളപൊലീസിന് സമൂഹമാദ്ധ്യമങ്ങളിൽ കൈയടി.
പട്ടിമറ്റത്തും സമീപ മേഖലകളിലും ആക്രിപെറുക്കി വിൽക്കുന്ന വിജയൻ, രാധ എന്നിവരാണ് പൊലീസിന്റെ സഹന ശക്തി പരീക്ഷിച്ച് സ്റ്റേഷനിൽ താണ്ഡവമാടിയത്. പൊലീസായിപ്പോയാൽ എന്തെല്ലാം സഹിക്കണമെന്ന തലക്കെട്ടോടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ പൊലീസിന്റെ സഹനത്തിന് കൈയടിയുമായി ഇറങ്ങിയത്. ഇത്ര കണ്ട് പൊലീസിന് താഴ്മ വേണോ എന്ന് വിമർശിക്കുന്നവരുമുണ്ട്. ഒരാഴ്ച മുമ്പ് നടന്നതാണ് സംഭവം. രാത്രിഏഴ് മണിയോടെ യുവതി സ്റ്റേഷനിലെത്തി ഭർത്താവ് കനാലിൽ കാണാതായെന്ന് പരാതി പറയുന്നു. . മറ്റൊന്നും നോക്കാതെ പൊലീസ് ഇവരേയും കൂട്ടി രണ്ടു ജീപ്പുകളിൽ സെർച്ച് ലൈറ്റുകളടക്കം സംഭവ സ്ഥലത്തേയ്ക്ക് ചീറിപ്പാഞ്ഞെത്തി. പൊലീസെത്തുമ്പോൾ സ്ത്രീ ഭർത്താവെന്ന് പറഞ്ഞയാൾ അർദ്ധ നഗ്നനായി പഴന്തോട്ടം ഭാഗത്തേക്കുള്ള കനാൽ ബണ്ടരുകിലെ റോഡിൽ കിടന്ന് നാട്ടുകാരോട് കയർക്കുന്നതാണ് കണ്ടത്. ഒപ്പം, താൻ പട്ടിക വർഗക്കാരനാണെന്നും തൊട്ടാൽ എല്ലാറ്റിനേയും കോടതി കയറ്റുമെന്നുംഭീഷണി. പൊലീസ് സ്പൈഡർ സംഘം ഇയാളെ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റിന്റെയും ഒരു പഞ്ചായത്തംഗത്തിന്റെയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തിൽ സ്റ്റേഷനിലെത്തിച്ചു. ജീപ്പിൽ നിന്നും ഇറങ്ങിയ ഇയാൾ പൊലീസുകാരോടായി അസഭ്യവർഷം. ഒപ്പം കൈ വീശി പൊലീസിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പത്തു മിനിട്ടോളം സ്റ്റേഷനിൽ തുടർന്ന താണ്ഡവത്തിനൊടുവിൽ ഇരുവരും സ്റ്റേഷനിൽ കെട്ടിപ്പുണർന്ന് വീഴുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ എത്തുമ്പോഴും നാട്ടുകാരുടെ സാന്നിദ്ധ്യത്തിലാണ് പൊലീസ് ഇവരെ ജീപ്പിൽ നിന്ന് ഇറക്കുന്നത്. പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും , കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസെടുക്കാവുന്ന കുറ്റമാണിത്. എന്നാൽ പൊലീസ് ഇവരുടെ മേൽവിലാസം രേഖപ്പെടുത്തിയതിനു ശേഷം വിട്ടയക്കുകയായിരുന്നു. സ്ത്രീ ഇയാളോടൊപ്പം താമസിക്കുന്നുവെന്നല്ലാതെ ഭർത്താവല്ലെന്ന് പിന്നീടുള്ള അന്വേഷണത്തിൽ ബോദ്ധ്യമായതെന്ന് പൊലീസ് പറഞ്ഞു.