കിഴക്കമ്പലം: കുന്നത്തുനാട് പൊലീസിനെ ഭീതിയിലാക്കിയവാട്ടർ ടാങ്ക് പൊളിച്ചു മാറ്റുന്നതിന് പൊതു മരാമത്ത് വകുപ്പിന് നിർദ്ദേശം നൽകുമെന്ന് വി.പി സജീന്ദ്രൻ എം.എൽ.എ അറിയിച്ചു.
കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി ഏതു നിമിഷവും നിലം പൊത്താറായ വാട്ടർ ടാങ്ക് സംബന്ധിച്ച് കേരള കൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. ഇതു സംബന്ധിച്ച് കുന്നത്തുനാട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ പൊതുമരാമത്ത് വകുപ്പിന് കൈമാറും. വൈകാതെ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികളുണ്ടാകുമെന്നും എം.എൽ.എ അറിയിച്ചു.
സ്റ്റേഷൻ വളപ്പിൽ പ്രധാന ഓഫീസുകളോട് ചേർന്നാണ് ടാങ്കിന്റെ നില്പ് , ജീവനു ഭീഷണിയാണെന്ന് ഉയർന്ന ഉദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചെങ്കിലും പൊളിച്ചു മാറ്റുന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. പുതുതായി ഇതിനു സമീപം മൾട്ടിപ്ളെക്സ് തീയറ്റർ വരുന്നതോടെ അപകട സാദ്ധ്യത കൂടി.