മൂവാറ്റുപുഴ: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിർമ്മല കോളേജ് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾസംഘടിപ്പിക്കുമെന്ന് കോളേജ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മൂവാറ്റുപുഴയിലും പരിസരത്തുമുള്ള ക്ലബ്ബുകൾ , സ്‌ക്കൂളുകൾ , സാംസ്‌ക്കാരിക സംഘടനകൾ, കാർഷിക സംഘങ്ങൾ , വ്യാപാരി വ്യവസായികൾ തുടങ്ങിയവയുടെ സഹായത്തോടെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കും. ഗാന്ധിയൻ ദർശനവുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകൾ, ശില്പശാലകൾഎന്നിവ നടത്തും.അഞ്ച് ഗ്രാമങ്ങളെ ദത്തെടുക്കും. സ്‌ക്കൂൾ ,കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം പ്രമുഖരുമായി സംവദിക്കുന്നതിന് വേദി ഒരുക്കും. കാമ്പസിനകത്ത് ഗാന്ധി പാർക്കും, ഗാന്ധി പ്രതിമയും സ്ഥാപിക്കും. 150 വൃക്ഷത്തൈകൾ നട്ട് ജൈവ ഉദ്യാനത്തിന് രൂപം നൽകും. ഗ്രാമങ്ങളിൽ സംഗീത സായാഹ്നം, നൃത്തസന്ധ്യ എന്നിവയും സംഘടിപ്പിക്കും. ജൈവകൃഷിക്കാരുടെ സംഗമമുൾപ്പടെയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജയിംസ് മാത്യു, വൈസ് പ്രിൻസിപ്പാൾ പ്രൊഫ. സജി ജോർജ്ജ്, കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, ഡോ. പി.ബി. സനീഷ്, ഡോ. ഷൈമോൻ ജോസഫ്, ഡോ. വിനോദ് കെ.വി എന്നിവർ പങ്കെടുത്തു.