ആലുവ: സംസ്ഥാനത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ നാഥനില്ലാക്കളരിയായി. രണ്ടാഴ്ച്ച മുമ്പ് ജില്ലാ ആശുപത്രിയിൽ നടന്ന കൊലപാതകവും കഴിഞ്ഞ ദിവസം വാടക അപ്പാർട്ടുമെന്റിൽ യുവാവും യുവതിയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ഉൾപ്പെടെ നിരവധി കേസുകളുടെ അന്വേഷണം നടക്കുന്നതിനിടെയാണ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ കസേര ഒഴിഞ്ഞുകിടക്കുന്നത്.
ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒയായിരുന്ന സി.ഐ രാജേഷ് കുമാർ കൊല്ലം പാരിപ്പിള്ളി സ്റ്റേഷനിലേക്കാണ് കഴിഞ്ഞ 20ന് സ്ഥലം മാറിപ്പോയത്. ജോലി ഭാരം കൂടിയതിനാൽ അദ്ദേഹം അപേക്ഷ നൽകി സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സി.ഐയുടെയും പ്രിൻസിപ്പൽ എസ്.ഐയുടെയും മൊബൈൽ നമ്പർ കഴിഞ്ഞയാഴ്ച്ച എസ്.ഐയായി ചുമതലയേറ്റ എസ്.ഐയാണ് ഉപയോഗിക്കുന്നത്. ഒരേസമയം സി.ഐയും എസ്.ഐയുമായും ആക്ട് ചെയ്യേണ്ട അവസ്ഥയിലാണ് .
18നാണ് ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തത്. ഈ കേസിലെ പ്രതിയെ അന്ന് രാത്രി തന്നെ ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടിയതിനാൽ അന്വേഷണ സംഘത്തിന് ആശ്വാസമായി. കഴിഞ്ഞ 28ന് തോട്ടക്കാട്ടുകരയിലെ അപ്പാർട്ടുമെന്റിൽ പാലക്കാട് സ്വദേശിയും തൃശൂർ സ്വദേശിനിയും ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കേസിന്റെ അന്വേഷണം ആരംഭിച്ചിട്ടു പോലുമില്ല. ആത്മഹത്യയാണെന്ന പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടറുടെ പ്രാഥമിക നിഗമനത്തിന്റെ ആശ്വാസത്തിലാണ് പൊലീസ്. ആന്തരീകാവയവങ്ങളുടെ വിശദമായ പരിശോധന റിപ്പോർട്ടിലും ആത്മഹത്യ തന്നെയാവട്ടെയെന്ന പ്രാർത്ഥനയിലാണ്. റിപ്പോർട്ട് കിട്ടുന്നത് വരെ അന്വേഷണം വൈകിപ്പിക്കാമെന്ന ധാരണയിലാണ് പൊലീസ്. അപ്പോഴേക്കും പുതിയ എസ്.എച്ച്.ഒ ചുമതലയേൽക്കുമെന്നും കരുതുന്നു.
#കേസുകളുടെ കാര്യത്തിൽ കുറവില്ല
ഭൂമിശാസ്ത്രപരമായി മധ്യകേരളത്തിലെ ഏറ്റവും വലുതും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും ആലുവ സ്റ്റേഷനിലാണ്. അടുത്ത കാലത്ത് ആലങ്ങാടും എടത്തലയിലും പുതിയ സ്റ്റേഷൻ അനുവദിച്ച് വലിപ്പം കുറച്ചെങ്കിലും കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല. മണ്ണ് - മണൽ, മയക്കുമരുന്ന് മാഫിയകളുടെയെല്ലാം ഇഷ്ടകേന്ദ്രമാണ് ആലുവ.