ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിലെ നഗരസഭയുടെ ക്ളോക്ക് ടവർ നാശത്തിന്റെ വക്കിലായിട്ടും സംരക്ഷിക്കാതെ അധികൃതർ ഉഴപ്പുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിന് മുകളിൽ ആൽമരം മുളച്ച് പന്തലിച്ചിട്ടുപോലും ഒരു നടപടിയുമില്ല. മൂന്നാം നിലയ്ക്ക് മുകളിലാണ് ആൽമരം. ഇതാണ് ചോർച്ചയ്ക്ക് കാരണവും. വാടകക്കാർ നിരവധിതവണ നഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും മരം മുറിക്കുന്നതിന് നടപടിയുണ്ടായിട്ടില്ല. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ഓഫീസ് കൂടി പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് ഈ ദുർഗതി.
കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ക്ളോക്ക് ടവറിലെ നിശ്ചമായ വലിയക്ളോക്ക് സ്വകാര്യ സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ടവറിൽ പെയിന്റുംചെയ്തു.
മുകളിലെ നിലയിലേക്കുള്ള പ്രവേശനകവാടം പൂട്ടി താക്കോലും ഇവർക്ക് നഗരസഭ നൽകി. മരം വെട്ടി മാറ്റാൻ ഉടൻ നടപടിയെടുക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ തുടർനടപടിയില്ലെന്നുമാത്രം.
ചോർന്നൊലിക്കുന്ന കെട്ടിടം
നഗരസഭയുടെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ളക്സാണിത്. ലിഫ്റ്റ് സ്ഥാപിക്കാനുള്ള ഭാഗത്തെല്ലാം വെള്ളം ചോർന്നൊലിക്കുകയാണ്. വെളിച്ചമില്ലാത്തതിനാൽ സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം കൂടിയാണിവിടം. നിരവധി സ്ഥാപനങ്ങളിൽ അടുത്തിടെ കവർച്ച നടന്നിട്ടുണ്ട്. മുകളിലെ നിലയിലേക്കുള്ള പ്രവേശകവാടത്തിൽ നേരത്തെ ഷട്ടർ ഉണ്ടായിരുന്നെങ്കിലും തുരുമ്പെടുത്ത് നശിച്ചു.