സംഭവം നടന്നത് 2017 ഡിസംബറിൽ
കൊച്ചി: നഗരത്തിൽ രണ്ടിടങ്ങളിൽ വീട്ടിൽ അതിക്രമിച്ച് കയറി ആളുകളെ ബന്ദികളാക്കി മോഷണം നടത്തിയ കേസിൽ ബംഗ്ളാദേശ് സ്വദേശികളായ മണിക് (35), ആലംഗീർ (33) എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റു ചെയ്‌തു. 2017 ഡിസംബറിലായിരുന്നു 12 അംഗത്തിന്റെ മോഷണം. ആറുപേർ നേരത്തെ പിടിയിലായിരുന്നു.
2017 ഡിസംബർ 15 ന് പുലർച്ചെ 3.30 ഓടെയാണ് എറണാകുളം ലിസി ജംഗ്‌ഷനിലുള്ള ഇല്ലിമൂട് വീട്ടിലെത്തി ജനൽ ഇളക്കി മാറ്റി ഇരുവരും വീട്ടിൽ പ്രവേശിച്ചത്. ഇതിനുശേഷം തോക്ക് ചൂണ്ടി ദമ്പതികളെ ബന്ദിക്കളായി ആഭരണങ്ങൾ കവരുകയായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറ എരൂരിലും മോഷണം നടത്തി. പ്രത്യേകാന്വേഷണസംഘത്തിന്റെ പരിശോധനയിൽ ബംഗ്ളാദേശിൽ നിന്ന് അനധികൃതമായി കുടിയേറി ഡൽഹിയിൽ കഴിയുന്നവരാണ് പ്രതികളെന്ന് കണ്ടെത്തി. ഡൽഹി പൊലീസുമായി സഹകരിച്ചുള്ള അന്വേഷണത്തിലാണ് നേരത്തെ ആറുപേർ പിടിയിലായത്. ബംഗ്‌ളുരൂ, ഹൈദരാബാദ്, കണ്ണൂർ എന്നിവിടങ്ങളിലും ഈ സംഘം മോഷണം നടത്തിയിരുന്നു.
ഞാറയ്‌ക്കൽ ഓച്ചൻതുരുത്തിൽ വാടകയ്‌ക്ക് വീടെടുത്ത് ആക്രിവ്യാപാരം നടത്തിയായിരുന്നു മോഷണ പദ്ധതികൾ. മുഖ്യ ആസൂത്രകനും ഓച്ചംതുരുത്തിൽ കുടുംബവുമായി കഴിഞ്ഞിരുന്ന നസീർ ഖാൻ ഇപ്പോഴും ഒളിവിലാണ്. മണിക്കിനെ കണ്ണൂർ പൊലീസിൽ നിന്നും ആലംഗിനെ തീഹാർ ജയിലിൽ നിന്നുമാണ് നോർത്ത് പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്.