കൊച്ചി: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കേരളത്തിന് പുറത്ത് പ്രവർത്തിക്കുന്ന മൂന്ന് കമ്പനികളെ ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധ സംഘം സാദ്ധ്യതാപ്പട്ടികയിൽ ഉൾപ്പെടുത്തി. എഡിഫൈസ് എൻജിനീയറിംഗ്, സുബ്രഹ്മണ്യം കെമിക്കൽസ് ആൻഡ് എക്സപ്ളോസീവ്സ്, വിജയ് സ്റ്റീൽസ് എന്നിവയെയാണ് താല്പര്യപത്രം സമർപ്പിച്ച 15 കമ്പനികളിൽ നിന്ന് ഉൾപ്പെടുത്തിയത്.സർക്കാരുംകമ്പനികളും ധാരണയിലെത്തിയാൽ ഒക്ടോബർ ഒമ്പതിന് കരാർ ഒപ്പ് വയ്ക്കും. ഇതിൽ എഡിഫൈസിന് രണ്ട് ഫ്ലാറ്റുകളും മറ്റുള്ളവയ്ക്ക് ഓരോ ഫ്ലാറ്റുകളും നൽകാനാണ് നിർദ്ദേശം.
നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് ഇടിച്ചുപൊടിച്ചു കളയുയണോ അല്ലെങ്കിൽപൊളിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റണോതുടങ്ങിയ കാര്യങ്ങൾ കമ്പനികളുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. ഫ്ളാറ്റ് നിൽക്കുന്ന പ്രദേശത്തെ താമസക്കാരെ ബുദ്ധിമുട്ടിക്കാത്ത വിധം രണ്ട് മണിക്കൂറിനുള്ളിൽ തീരുന്ന പ്രവൃത്തിയാകണമെന്നാണ് സർക്കാരിന്റെ നിബന്ധനകളിലൊന്ന്. ആറായിരത്തിലധികം കുടുംബങ്ങൾ പ്രദേശത്ത് താമസിക്കുന്നുണ്ട്.
പൊളിക്കുന്ന ഫ്ലാറ്റുകളിൽ ചിലത് പുറമ്പോക്ക് ഭൂമി കൈയേറിയാണ് നിർമ്മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കും. ഫ്ളാറ്റുകളിൽ നിന്ന് ഒഴിയുന്നവർക്ക് താമസിക്കാനുള്ള ഫ്ലാറ്റുകൾ ലഭ്യമല്ലെന്ന പരാതി ഇന്നലെയും തുടർന്നു. ജില്ലാ ഭരണകൂടം നൽകിയ പട്ടികയിലുള്ള ഫ്ലാറ്റുകളിൽ അന്വേഷിക്കുമ്പോൾ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. സൗകര്യം ലഭിക്കാത്ത 180 ഫ്ളാറ്റുടമകളുടെ പട്ടിക ജില്ലാ കളക്‌ടർക്ക് നൽകിയിട്ടുണ്ട്. പൊളിക്കുന്നതിനെ കുറിച്ച് ആശങ്കയുള്ള പ്രദേശവാസികളും പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്. ഇവർ ഇന്ന് എം.എൽ.എയ്ക്ക് പരാതി നൽകും.
ഒഴിവില്ലെന്ന് മറുപടി
"വാടക സംബന്ധിച്ച അനിശ്ചിതത്വമാകാം ഒഴിവില്ലെന്ന മറുപടിക്ക് പിന്നിൽ. കൈവശാവകാശ രേഖകൾ ഇല്ലാത്തതും പണിതീരാത്തതുമായ ചില ഫ്ലാറ്റുകളുടെയും ബ്രോക്കർമാരുടെയും നമ്പറുകളാണ് ജില്ലാ ഭരണകൂടം നൽകിയ പട്ടികയിലുള്ളത്. സബ് കലക്ടർ സ്‌നേഹിൽകുമാർ സിംഗ് നേരിട്ട് വിഷയത്തിൽ ഇടപെട്ടിട്ടും പരിഹാരമായില്ല."
ബിനോജ് നായർ
ഫ്ലാറ്റുടമ