ആലുവ: മുനിസിപ്പൽ ലൈബ്രറി കോമ്പൗണ്ടിലെ നിർദിഷ്ട കുപ്പിവെള്ള പ്ലാന്റ് പദ്ധതി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുഴ കൃഷ്ണപിള്ള സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്‌ക്വയറിൽ ജനകീയധർണ നടക്കും. ഇന്ന് രാവിലെ 7.30 ന് ആരംഭിക്കുന്ന ധർണയിൽ റസിഡന്റ് അസോസിയേഷനുകളുടേയും സംഘടനകളുടേയും പ്രവർത്തകർ പങ്കെടുക്കും.

ഗ്രന്ഥാലയത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ മാറ്റുക, വായനശാല കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുക, വായനശാല ആധുനീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിക്കുന്നത്. തെരുവു നാടകം, പ്രതിഷേധ ചിത്രം ര, കാവ്യാലാപനം തുടങ്ങിയവയും നടത്തും.

സമരത്തിന് പിന്നിൽ രാഷ്ട്രീയതാത്പര്യം

നിർദിഷ്ട കുപ്പിവെള്ള പദ്ധതി അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം അറിയിച്ചു. ഭൂഗർഭജലം ധാരാളമായി ലഭിക്കുന്ന മേഖലയായതിനാലാണ് മുനിസിപ്പൽ ലൈബ്രറിയുടെ വളപ്പിലെ സ്ഥലവും പരിഗണനയ്ക്ക് വന്നത്. ലൈബ്രറി നിർത്തിയിട്ട് കുപ്പിവെള്ളപദ്ധതി ആരംഭിക്കുന്നുവെന്ന രീതിയിലുള്ള പ്രചരണം തെറ്റിദ്ധാരണയുളവാക്കുന്നതാണ്. പദ്ധതി സ്ഥാപിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് അറിയിച്ചിട്ടും സമരം നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നും ചെയർപേഴ്‌സൻ 'കേരളകൗമുദി'യോട് പറഞ്ഞു.