കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കളത്തിലിറങ്ങിയതോടെ മണ്ഡലം പ്രചാരണച്ചൂടിലേക്ക്. വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയുള്ള വോട്ടു തേടലാണ് ഇപ്പോഴത്തെ കാഴ്ച. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദിനൊപ്പം ഹൈബി ഈഡൻ എം.പിയും ഇറങ്ങിയതോടെ പ്രവർത്തകർ ആവേശത്തിലാണ്. ഇടതു സ്വതന്ത്രനായ മനു റോയിയിലൂടെ അട്ടിമറി സ്വപ്‌നങ്ങൾ നെയ്‌തുള്ള പ്രചാരണത്തിലാണ് ഇടതു മുന്നണി. മണ്ഡലത്തിലുടനീളമുള്ള ബന്ധങ്ങൾ വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ.
 10 സ്ഥാനാർത്ഥികൾ
ബി.ജെ.പി.സ്ഥാനാർത്ഥി സി.ജി.രാജഗോപാലിന്റെ പത്രിക സ്വീകരിച്ചതോടെ ബി.ജെ.പി ഡമ്മി സ്ഥാനാർത്ഥി ബാലഗോപാല ഷേണായിയുടെ നാമനിർദ്ദേശ പത്രിക സ്വമേധയാ അസാധുവായി. ഇടതു സ്വതന്ത്രൻ മനു റോയിക്കും യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദിനും അപരൻമാരുണ്ട്.
1അബ്ദുൾ ഖാദർ വാഴക്കാല (സമാജ് വാദി ഫോർവേഡ് ബ്ലോക്ക്)
2സി.ജി.രാജഗോപാൽ (ബി.ജെ.പി )
3ബോസ്കോ കളമശ്ശേരി (യുണൈറ്റഡ് കോൺഗ്രസ് )
4ജെയ്സൺ തോമസ് (സ്വത)
5മനു റോയ് (എൽ.ഡി.എഫ് സ്വത)
6ടി.ജെ. വിനോദ് (യു.ഡി.എഫ്)
7അശോക് (സ്വത)
8കെ.എം.മനു (സ്വത)
9എ.പി.വിനോദ് (സ്വത)
10.പി.ആർ. റെനീഷ്
പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ
വൈകീട്ട് മൂന്നിന് അവസാനിക്കും. മൂന്നരയ്ക്ക് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ എസ്.ഷാജഹാൻ അറിയിച്ചു.


പാലയല്ല എറണാകുളമെന്ന് കെ. ശങ്കരനാരായണൻ
കൊച്ചി: പാലായിലെ തിരഞ്ഞെടുപ്പല്ല എറണാകുളത്തേതെന്നും ഹൈബി ഈഡന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ ഒരു വോട്ട് കൂടുതൽ ടി.ജെ.വിനോദിന് ലഭിക്കുമെന്നുംമഹാരാഷ്‌ട്ര മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണൻ പറഞ്ഞു.
ഡി.സി.സി ഓഫീസിന് സമീപം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നു പാഠം പഠിച്ചില്ലെന്ന് മാത്രമല്ല ജനവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ഓരോ ദിവസവും ആളുകളെ വെല്ലുവിളിക്കുകയാണ് സർക്കാർ. കനത്ത തോൽവി മാത്രമാണ് അവർ അർഹിക്കുന്നത്. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നുവെങ്കിൽ മരട് ഫ്ലാറ്റ് പൊളിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ല. ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുന്നില്ലെന്ന് ശങ്കരനാരായണൻ പറഞ്ഞു.
യോഗത്തിൽ വി.ഡി.സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, അഹമ്മദ് കബീർ എം.എൽ.എ, മുൻ എം.പി മാരായ കെ.വി.തോമസ്, കെ.പി.ധനപാലൻ, മുൻ മന്ത്രി കെ.ബാബു, നേതാക്കളായ എൻ.വേണുഗോപാൽ, അജയ് തറയിൽ, മേയർ സൗമിനി ജയിൻ തുടങ്ങിയവർ പങ്കെടുത്തു.