cake
ഗാന്ധിജയന്തിയുടെ ഭാഗമായി കെ.എം.എ സംഘടിപ്പിച്ച ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ കേക്ക് മുറിക്കുന്നു. രാജ് മോഹൻ നായർ. ജിബു പോൾ, ബിബു പുന്നൂരാൻ എന്നിവർ സമീപം

കൊച്ചി: ഗാന്ധിജിയെ മറന്നുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് മരടിലും പ്ലാച്ചിമടയിലുമൊക്കെ അനുഭവിക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു. രാജ്യം നേരിടുന്ന സമീപകാല വെല്ലുവിളികൾക്കുള്ള ഉത്തരം ഗാന്ധിജിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച ചടങ്ങിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രശ്‌നങ്ങളുടെ നടുവിലാണ് രാജ്യം. അക്രമങ്ങളും കലാപവും വർദ്ധിച്ചു വരുന്നു. സാങ്കേതികവിദ്യകൾ സമൂഹത്തിൽ അധാർമ്മികത പരത്താൻ വ്യാപകമായി ഉപയോഗിക്കുന്നു. ഇത് സുസ്ഥിര രാജ്യമായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. സമൂഹത്തെ വിഴുങ്ങുന്ന വലിയ പ്രശ്‌നങ്ങൾക്കുള്ള ലളിതമായ പരിഹാരമാണ് ഗാന്ധിയെന്ന് ജയകുമാർ പറഞ്ഞു.

കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബു പുന്നൂരാൻ, എസ്. രാജ്‌മോഹൻ നായർ എന്നിവർ പങ്കെടുത്തു.