yousaf-ali

കൊച്ചി: പ്രിയ സ്നേഹിതൻ സി.കെ. മേനോന്റെ മൃതദേഹത്തിനു മുമ്പിൽ കണ്ണീരൊഴുക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഗൾഫിലും കേരളത്തിലും ദീർഘകാലമായി തുടരുന്ന സൗഹൃദമായിരുന്നു ഇരുവരുടേതും.

എറണാകുളം വളഞ്ഞമ്പലത്തെ വീട്ടിലാണ് ഉച്ചയോടെ യൂസഫലി എത്തിയത്. മുറിക്കുള്ളിൽ കിടത്തിയ മൃതദേഹത്തിനരികിലെത്തിയ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കൈകൾകൂപ്പി പ്രാർത്ഥനയോടെ ഏറെനേരം മേനോന്റെ അരികിൽനിന്ന അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

"എന്റെ സഹോദരനെയാണ് നഷ്ടപ്പെട്ടത്. 35 വർഷം പൊതുകാര്യങ്ങളിൽ ഞങ്ങൾ ഇടപെട്ടിരുന്നു.

ഗൾഫിലെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഞങ്ങൾ ഒരുമിച്ച് പല കാര്യങ്ങളും ആലോചിച്ച് തീരുമാനിച്ച് ചെയ്തിട്ടുണ്ട്."-യൂസഫലി പറഞ്ഞു. നോർക്ക റൂട്ട്സിൽ സഹപ്രവർത്തകനായിരുന്നു മേനോൻ. ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിൽ നിന്ന് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരെ നാട്ടിലേക്ക്‌ അയയ്ക്കാൻ പരിശ്രമിച്ചു. ഇറാക്കിൽ കുടുങ്ങിക്കിടന്ന നഴ്സുമാരെ പുനരധിവസിപ്പിക്കാനും ഒരുമിച്ച് പ്രവർത്തിച്ചു- അദ്ദേഹം അനുസ്മരിച്ചു.