മൂവാറ്റുപുഴ: കേരള നദീസംരക്ഷണ സമിതിയും നിർമ്മല കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്ര സെമിനാറും നദീദിനാചരണവും ഇന്ന് രാവിലെ മുതൽ മൂവാറ്റുപുഴയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മുൻഎം.എൽ.എ ബാബുപോൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.

രാവിലെ ഒമ്പതിന് ത്രിവേണി സംഗമത്തിൽ നിർമ്മല കോളേജ് വിദ്യാർത്ഥികളും നദീസംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് നദീസന്ദർശനവും നദീസംരക്ഷണ പ്രതിജ്ഞയും എടുക്കും . നിർമ്മല ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.ആന്റണി പുത്തൻകുളം അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നദീദിന പ്രതിജ്ഞ ചൊല്ലികൊടുക്കും. ത്രിവേണി സംഗമത്തിലെ കടത്തുകാരൻ ബേബി ജോർജ് കുഴികണ്ടത്തിലിനെ പ്രൊഫ എസ്.സീതാരാമൻ പൊന്നാടയണിച്ച് ആദരിക്കും.തുടർന്ന് 10ന് നിർമ്മല കോളേജ് ഓഡിറ്റോറിയത്തിൽ നദീദിനാചരണം ഉദ്ഘാടനവും ശാസ്ത്ര സെമിനാറും നടക്കും. നദീദിനാചരണം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിർമ്മല കോളേജ് പ്രിൻസിപ്പാൾ ഡോ.ജയിംസ് മാത്യു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്.സുഹാസ് മുഖ്യപ്രഭാഷണം നടത്തും. കേരള നദീസംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ.സീതാരാമൻ ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ശാസ്ത്ര സെമിനാറിൽ ഡോ.ഷാജു തോമസ് മോഡറേറ്ററായിരിക്കും. ജല ഓഡിറ്റ് എന്ന വിഷയത്തിൽ ഡോ.സണ്ണി ജോർജും ജല ചക്രവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ ഡോ.എസ്.അഭിലാഷും ജലമലിനീകരണവും ആരോഗ്യവും എന്ന വിഷയത്തിൽ എം.എ.ബൈജുവും ചാലക്കുടി പുഴയും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും പാരിസ്ഥിതിക വിലയിരുത്തലും എന്ന വിഷയത്തിൽ എസ്.പി.രവിയും ക്ലാസ്സെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നദികൾ നേരിടുന്ന വെല്ലുവിളികളും വിശകലനങ്ങളും ചർച്ച ചെയ്യും. ഡോ.ജിജി.കെ.ജോസഫ് മോഡറേറ്ററായിരിക്കും. പത്രസമ്മേളനത്തിൽ കേരള നദീസംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ. എസ്.സീതരാമൻ, നിർമ്മല കോളേജ് പ്രിൻസിപ്പാൾ ഡോ.ജയിംസ് മാത്യു കലാധരൻ മറ്റപ്പള്ളി ,ഡോ.ഷാജു തോമസ് എന്നിവരും പങ്കെടുത്തു..