കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയ പാത കോലഞ്ചേരിയിൽ യാത്രക്കാർക്ക് റോഡു മുറിച്ച് കടക്കാനുള്ള സീബ്ര ലൈനുകൾ പുനസ്ഥാപിക്കാൻ നടപടിയായെന്ന് ദേശീയ പാത അതോറിറ്റി മൂവാറ്റുപുഴ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സി.വി ബെന്നി അറിയിച്ചു. കേരള കൗമുദി നല്കിയ വാർത്തയെ തുടർന്നാണ് നടപടി. മൂവാറ്റുപുഴ മുതൽ മറ്റക്കുഴി വരെ ദേശീയ പാതയിലെ സെൻട്രൽ ലൈനുകളും, സീബ്ര ലൈനുകളും മാഞ്ഞു പോയത് പുനസ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മഴ മാറിയാൽ ഉടൻ നടപടികൾ പൂർത്തിയാക്കും. കോലഞ്ചേരി ടൗണിൽ മാത്രം ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ, സെന്റ് പീറ്റേഴ്സ് കോളേജിന് മുൻ വശം, മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവടങ്ങളിലാണ് റോഡു മുറിച്ചു കട‌ക്കാൻ സീബ്ര ലൈനുകൾ . കഴിഞ്ഞ ദിവസം ചൂണ്ടിയിൽ മാഞ്ഞ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച വഴിയാത്രക്കാരന് ഇരു ചക്ര വാഹനമിടിച്ച് പരിക്കേറ്റിരുന്നു.