കൊച്ചി : തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച നാലു ഫ്ളാറ്റുകൾ സുപ്രീം കോടതി ഉത്തരവു പ്രകാരം പൊളിച്ചുനീക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സമീപവാസികൾ ആശങ്കയിൽ. ഫ്ളാറ്റ് പൊളിക്കും മുമ്പ് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സമീപവാസികൾ മുഖ്യമന്ത്രിയ്ക്കുൾപ്പെടെ നിവേദനം സമർപ്പിച്ചു.

പൊളിക്കുന്ന നാലു ഫ്ളാറ്റുകൾക്കും സമീപം വീടുകളും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. നിയന്ത്രിത സ്ഫോടനം ഉൾപ്പെടെ മാർഗങ്ങൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ തങ്ങളുടെ വീടുകളെയും കെട്ടിടങ്ങളെയും സ്ഥലത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രദേശവാസികളുടെ യോഗമാണ് നിവേദനം മുഖ്യമന്ത്രി മുതൽ നഗരസഭാ സെക്രട്ടറിക്ക് വരെ നൽകിയത്.

ആവശ്യങ്ങൾ

# ഏതു രീതിയിലാണ് പൊളിക്കാൻ ഉദ്ദേശിക്കുന്നതെന്നതിന്റെ ശാസ്ത്രീയവും പ്രായോഗികവുമായ വിവരണം നൽകി പരിസരവാസികളെ ബോധ്യപ്പെടുത്തണം.

# പൊളിക്കുന്ന ഘട്ടത്തിൽ പരിസരവാസികൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചാൽ എന്ത് പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കണം.

# പൊളിക്കുന്ന കാലത്ത് മാറിത്താമസിക്കേണ്ടിവരുകയോ തൊഴിൽ നഷ്ടമുണ്ടാകുകയോ ചെയ്താൽ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാൻ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം.

# പ്രകൃതിയ്ക്കും ജലജന്യ ജീവജാലങ്ങൾക്കും ജലാശയങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും ഉണ്ടാകാവുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ നടപടികൾ പ്രഖ്യാപിക്കണം.

# റോഡ്, പാലം, പൈപ്പ്ലൈൻ തുടങ്ങിയ പൊതുസൗകര്യങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങൾ, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണം.

# പൊളിച്ചുമാറ്റുന്ന മാലിന്യങ്ങൾ ഏതുരീതിയിലാണ് പ്രകൃതിക്ക് ദോഷം വരാതെ കൈകാര്യം ചെയ്യുകയെന്ന് വിശദമാക്കണം.

# മാലിന്യങ്ങൾ ഒഴിവാക്കാൻ വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ തകരാറിലാക്കാതെ പൊളിച്ചെടുക്കുക. അധികസമയം ആവശ്യമെങ്കിൽ കോടതിയെ വിവരം ബോധിപ്പിക്കണം.

# പ്രദേശവാസികൾക്ക് വ്യക്തവും കൃത്യവുമായ വിവരങ്ങൾ നൽകി സുരക്ഷിതത്വവും നാശനഷ്ടങ്ങൾ ഉണ്ടാകില്ലെന്നും ബോദ്ധ്യപ്പെടുത്തിയേ പൊളിക്കൽ നടപടി സ്വീകരിക്കാവൂ.