മൂവാറ്റുപുഴ: കാവനയിൽ വൃദ്ധദമ്പതികളുടെ വീട്ടിൽ നിന്ന് 36 പവന്റെ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.ഏകദേശ വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആദ്യം സംശയിച്ചിരുന്നമൂന്ന് പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരിൽ നിന്നു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെകുറിച്ച് സൂചന ലഭിച്ചത്. 75 വയസിനു മുകളിൽ പ്രായമുള്ളവരാണ് ദമ്പതികൾ. കാവന പീച്ചാപ്പിള്ളിൽ ലൂക്കാച്ചന്റെ വീട്ടിൽ നിന്നാണ്കഴിഞ്ഞ ‍ഞായറാഴ്ച 36 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന മേശ വീട്ടിൽ നിന്നെടുത്തുകൊണ്ടുപോയി തകർത്ത് ആഭരണങ്ങൾ എടുത്ത ശേഷം സമീപത്തുള്ള കിണറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ലൂക്കാച്ചന് കേൾവി കുറവുണ്ട്. സംഭവ ദിവസം രാത്രി വീട്ടിലുണ്ടായിരുന്ന ലൂക്കാച്ചന്റെ സഹോദര ഭാര്യയും മകനും പോയശേഷം ലൂക്കാച്ചനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദര ഭാര്യയും മകനും പോയ ശേഷം വീടിന്റെ കതകടച്ചിരുന്നോ എന്ന് ഉറപ്പില്ല. ജനലുകളെല്ലാം തുറന്നു കിടക്കുകയായിരുന്നു. കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ പി.മധു, വാഴക്കുളം എസ്ഐ വി.വിനു എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്