muziris-bazar-
നിർമ്മാണം പുരോഗമിക്കുന്ന പറവൂർ നഗരസഭയുടെ മുസിരിസ് ബസാർ.

# ചട്ടങ്ങൾ ലംഘിച്ചുള്ള നിർമ്മാണമെന്ന് ഹർജി

പറവൂർ : നഗരത്തിലെ തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി പറവൂർ നഗരസഭ നിർമ്മിക്കുന്ന മുസിരിസ് ബസാർ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. എന്നാൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ചാണ് ബസാർ നിർമ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി കോടതിയിൽ നൽകിയ ഹർജിയിലെ ആരോപണങ്ങൾ അന്വേഷിക്കുന്നതിന് കോടതി കമ്മീഷനെ നിയോഗിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കെട്ടിടനിർമ്മാണം മുടങ്ങിയിട്ടില്ല.

നിർമാണച്ചെലവ് 38.50 ലക്ഷം

സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പുറകുവശത്ത് 38.50 ലക്ഷം ചെലവിലാണ് ബസാർ നിർമിക്കുന്നത്. മൂന്നുനിരകളിലായി 27 പേർക്ക് കച്ചവടം നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ദേശീയ നഗരഉപജീവനമിഷൻ (എൻ.യു.എൽ.എം) പദ്ധതിയിലാണ് നിർമ്മാണം.

ഹർജിയിൽ പറയുന്നത്

റോഡിനോട് ചേർന്നാണ് ബസാർ നിർമ്മിച്ചിട്ടുള്ളത്. സമീപത്തുള്ള മുസ്ളീംപള്ളിയിലേയ്ക്കും അടുത്തുള്ള വീടുകളിലേയ്ക്കും നിലവിലുണ്ടായിരുന്ന റോഡ് കൈയേറിയാണ് നിർമ്മാണം. ബസാർ നിർമ്മിച്ചുള്ള ഭൂമി റവന്യൂ പുറമ്പോക്കാണ്. തോട് നികത്തിയ ഭൂമിയായതിനാൽ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ഉടമസ്ഥാവകാശം നഗരസഭയ്ക്കില്ല. ചട്ടംലംഘിച്ച് നിർമ്മിക്കുന്നതിനാൽ പൊളിച്ചുമാറ്റേണ്ടിവന്നാൽ പൊതുമുതൽ നഷ്ടപ്പെടും. അനധികൃത നിർമ്മാണം തടയണം. ഹർജിയിൽ കോടതി നടപടികൾ തുടർന്നുവരികയാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ജേക്കബ് ജോർജ് പറഞ്ഞു.

പലിശരഹിത വായ്പയും കുറഞ്ഞ വാടകയും

നഗരസഭ യൂണിയൻ ബാങ്കുമായി സഹകരിച്ച് കച്ചവടക്കാർക്ക് ആറ് മാസത്തേക്ക് 50,000 രൂപ പലിശരഹിത വായ്പ ലഭ്യമാക്കും. കുറഞ്ഞ വാടയ്ക്ക് ബസാറിൽ കച്ചവടകേന്ദ്രം. ആദ്യത്തെ 3 മാസം വാടകയില്ല. ബസാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നു മാസത്തെ വിപണനമേള.

തെരുവുകച്ചവടക്കാർക്ക് ആശ്വാസം

ഒന്നരവർഷം മുമ്പ് നഗരത്തിൽ 104 തെരുവുകച്ചവടക്കാരാണ് ഉണ്ടായിരുന്നത്. ഇവരുടെ പൂർണ വിവരങ്ങൾ ശേഖരിച്ച് തിരിച്ചറിയൽ കാർഡ് നൽകി. 40 പേരെയാണ് ആദ്യഘട്ടമായി പുനരധിവസിപ്പിക്കുക. ബസാർ 27 പേർക്കായി നൽകിയശേഷം ബാക്കിയുള്ളവർക്ക് മറ്റു സ്ഥലങ്ങൾ കണ്ടെത്തി നൽകും. തട്ടുകടക്കാർക്ക് ഒരേപോലെയുള്ള വാഹനങ്ങൾ നൽകും.

എല്ലാ നിയമങ്ങളും പാലിച്ചുള്ള നിർമ്മാണം

മുസിരിസ് ബസാർ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് നിർമ്മിക്കുന്നത്. വഴിയോരക്കച്ചവടക്കാർക്കുള്ള ഇത്തരം കേന്ദ്രങ്ങൾ നിർമ്മിക്കുമ്പോൾ റോഡിനോട് ചേർന്ന് നിർമ്മിക്കാമെന്ന് നിയമമുണ്ട്. സ്ഥലം നഗരസഭയുടേതാണെന്നുള്ള രേഖകളുണ്ട്. നിർമ്മാണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിന് മാത്രമാണ് ഹർജി നൽകിയിട്ടുള്ളത്. നിർമ്മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതാണ്.

രമേഷ് ഡി. കുറുപ്പ്

നഗരസഭ ചെയർമാൻ