കോലഞ്ചേരി: സവാള വില 100 ലേക്കടുക്കുന്നു. ഇന്ന് റീട്ടെയിൽ വില്പന വില 89ലെത്തി. കയറ്റുമതി നിരോധിച്ചും ഇറക്കുമതി വർദ്ധിപ്പിച്ചും വില പിടിച്ചു നിർത്തുമെന്നത് പ്രഖ്യപനങ്ങളിലൊതുങ്ങി.
തട്ടുകടകളിൽ ഓംലെറ്റ് വില്പന നിർത്തി, പകരം ബുൾസൈയാക്കി. വറുത്ത ആഹാരപ്ളേറ്റുകളിൽ അലങ്കാരമായി കിടന്ന സവാള കഷണങ്ങൾ ഇപ്പോഴില്ല. സലാഡുകളും ഹോട്ടലുകാർ നിർത്തി.
ഒരു മാസം മുമ്പ് 20 രൂപയിൽ നിന്ന സവാളയാണ് ദിനം പ്രതിയുള്ള വിലക്കുതിപ്പിൽ 100 ലേക്കടുക്കുന്നത്. വില നിയന്ത്രിക്കാൻ സംസ്ഥാന ഭക്ഷ്യ വകുപ്പ് നാഫെഡു വഴി നാസിക്കിൽ നിന്നും 40 ടൺ സവാള എത്തിച്ച് സപ്ലൈകോ വഴി കിലോ 45 രൂപയ്ക്ക് വില്ക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇത് എത്ര കണ്ട് സാധാരണക്കാരന് പ്രയോജനപ്പെടുമെന്നും കണ്ടറിയണം. കാറ്ററിംഗുകാർക്കും സവാള വിലക്കയറ്റം ഏറെ തിരിച്ചടിയായി. 30 ശതമാനമെങ്കിലും വില വർദ്ധിപ്പിച്ചാൽ മാത്രമേ പിടിച്ചു നില്ക്കാൻ കാറ്ററിംഗ് യൂണിറ്റുകൾക്ക് കഴിയൂ. ബിരിയാണിയ്ക്ക് വേണ്ട അവിഭാജ്യ ഘടകമാണ് സവാള.
വിദേശ സവാള വഴറ്റുമ്പോൾ കറുത്ത് കുഴഞ്ഞു പോകും. രുചിയിലും മാറ്റം വരുമത്രെ.
വില 100 ലെത്തിയാൽ ചിക്കൻ, ബീഫ് ,മട്ടൻ വിഭവങ്ങൾക്ക് വില കൂട്ടാതെ വഴിയില്ലെന്ന് പട്ടിമറ്റത്തെ റോയൽ ബേക്കറി ആന്റ് റസ്റ്റോറന്റ് ഉടമ കെ.കെ ബഷീർ പറഞ്ഞു.
ഓർഡറുകൾ പലതും ഇപ്പോഴത്തെ സവാള നിരക്കിൽ നല്കിയാൽ കീശ കീറുന്ന അവസ്ഥയാണെന്ന് എറണാകുളത്തെ അലാക്കാർട്ടെ കാറ്ററിംഗ് മാനേജിംഗ് ഡയറക്ടർ അജിൻ മാത്യു പറഞ്ഞു.