maradu-flat

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി തീരാൻ മണിക്കൂറുകൾ ശേഷിക്കേ തർക്കം തീരുന്നില്ല. മാറിത്താമസിക്കാൻ സൗകര്യം ലഭിക്കാതെ ഇറങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഫ്ലാറ്റുടമകൾ.

ഒഴിയാൻ പതിനഞ്ച് ദിവസം കൂടി വേണമെന്നാണ് അവരുടെ ആവശ്യം. അനുവദിക്കില്ലെന്നാണ് മരട് നഗരസഭയുടെ നിലപാട്. ഇന്ന് രാത്രിയോടെ കുടിവെള്ള, വൈദ്യുതി വിതരണം വിച്ഛേദിക്കാനാണ് തീരുമാനം.

സ്ഥിതി വിലയിരുത്താൻ ഫ്ലാറ്റിൽ എത്തിയ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉടമകളോട് സംസാരിച്ചു.

സർക്കാർ ഉത്തരവ് പ്രകാരം ഇന്ന് തന്നെ പൂർണമായി ഒഴിയണമെന്നും അതിനാണ് വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു നൽകിയതെന്നും നഗരസഭാ അധികൃതർ പറയുന്നു. ഇന്നലെ ഫ്ലാറ്റിൽ എത്തിയ നഗരസഭാ സെക്രട്ടറി ആരിഫ് ഖാനോട് ഉടമകൾ തട്ടിക്കയറി. തങ്ങൾ ജീവനോടെയുണ്ടോ എന്നറിയാനാണോ വന്നത് എന്നായിരുന്നു താമസക്കാരുടെ ചോദ്യം. താമസക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും വാടകയ്ക്ക് ഫ്ലാറ്റുകൾ അനുവദിക്കുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി.

പകരം താമസം കിട്ടാതെ മാറില്ലെന്ന് ഉടമകൾ ആവർത്തിക്കുമ്പോഴും ഫ്ലാറ്റുകൾ ഒഴിയാനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ബലപ്രയോഗത്തിലൂടെ ഇറക്കി വിടില്ലെന്നും അധികൃതർ ആവർത്തിച്ചു.

പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജില്ലാ കളക്ടർ എസ്. സുഹാസ് പറയുന്നത്. താമസസൗകര്യം വേണ്ടവർ നഗരസഭയ്ക്ക് അപേക്ഷ നൽകണം. അപേക്ഷിച്ചവർക്ക് സൗകര്യം നൽകിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒഴിയാനുള്ള സമയപരിധി നീട്ടുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഫ്ലാറ്റുടമകളുമായും നഗരസഭാ അധികൃതരുമായും സംസാരിച്ച് നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.