ഫോർട്ട് കൊച്ചി: പശ്ചിമകൊച്ചിയിലെ റേഷൻ കടകളിൽ കഴിഞ്ഞ ദിവസം എത്തിയ അരികളിൽ നിറയെ പുഴുക്കളെ കണ്ടെത്തി. ഉപഭോക്കാക്കളുടെ പരാതിയെ തുടർന്ന് സ്റ്റോക്കുകളെല്ലാം കടയുടമകൾ മടക്കി അയച്ചു. പിന്നീട് സി.ആർ.ഒയുടെ നേതൃത്വത്തിൽ പുതിയ സ്റ്റോക്ക് അയച്ചു കൊടുക്കുകയായിരുന്നു. എല്ലാവർഷവും ഉണ്ടായിരുന്ന ഒരു കിലോ പഞ്ചസാരയും ഇത്തവണ ഓണത്തിന് സർക്കാർ നൽകിയില്ല. കൂടാതെ വെള്ള അരിക്ക് പകരം കുത്തരിയാണ് നൽകിയത്. എല്ലാ കാർഡ്കാർക്കും മണ്ണെണ്ണ എടുത്ത് കളഞ്ഞു. ആട്ടപൊടി ഓണം കഴിഞ്ഞാണ് പല കടകളിലും എത്തിയത്.ഇപ്പോൾ എത്തിയ രണ്ട്തരം അരിയിലും പുഴുക്കളെ കണ്ടെത്തിയതോടെ വാങ്ങിയ അരികൾ പലരും മടക്കി നൽകി. മറ്റു ചിലർ കോഴി, താറാവ് എന്നിവക്ക് തീറ്റയാക്കി ഉപയോഗിച്ചു. തീരെ പാവപ്പെട്ടവർ മാത്രമാണ് പുഴുക്കട്ട നിറഞ്ഞ അരി പാചകം ചെയ്തത്.പലരും ഓണ സമയത്ത് മാവേലി സ്റ്റോർ, ലാഭം സ്റ്റോർ എന്നിവ വഴിയാണ് കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ വാങ്ങിയത്. എന്നാൽ തുടർച്ചയായി റേഷൻ കടകളിൽ നിന്നും തമ്പ് വെച്ച് ഭക്ഷ്യ സാധനങ്ങൾ വാങ്ങാത്ത കാർഡുകാരുടെ റേഷൻ നിർത്തലാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
#സമരത്തിലേക്ക്
പ്രതിപക്ഷക്കാർ കൊച്ചിയിലെ സിറ്റി റേഷനിംഗ് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
#പരാതി നൽകി
ഫോർട്ടുകൊച്ചി മുതൽ ചെല്ലാനം വരെയുള്ളള റേഷൻ കടയുടമകളും നിരവധി ഉപഭോക്താക്കളും പരാതിയുമായി സിറ്റി റേഷനിംഗ് ഓഫീസിൽ എത്തി. ഓണം എത്തിയിട്ട് പോലും കാർഡുടമകൾക്ക് നല്ല അരി കൊടുക്കാൻ സർക്കാരിനായില്ല എന്നാണ് വ്യാപക പരാതി.