കോലഞ്ചേരി: സുപ്രീം കോടതി വിധിയോടെ മലങ്കരയിലെ 1064 പള്ളികളിൽ അവകാശവാദമുന്നയിക്കുമ്പോഴും അങ്കമാലി ഭദ്റാസനത്തിലെ 110 പള്ളികളിൽ ഓർത്തഡോക്‌സ് സഭക്ക് വിശ്വാസികളില്ലെന്ന് രേഖകൾ. ഓർത്തഡോക്സ് സഭയുടെ 2017- 22 വർഷത്തെ മലങ്കര അസോസിയേഷനിൽ പങ്കെടുത്ത പ്രതിനിധികളുടെ ലിസ്റ്റിലാണ് 110 പള്ളികളിൽ നിന്ന് ഒരാൾ പോലുമില്ലാത്തത്.
സഭയുടെ ഏറ്റവും വലിയ ഭദ്റാസനമായ അങ്കമാലിയിൽ 147 പള്ളികളുണ്ട്. ഇതിൽ എട്ടെണ്ണത്തിൽ നിന്ന് വികാരികൾ മാത്രമാണ് മലങ്കര അസോസിയേഷനിൽ പങ്കെടുത്തത്. വികാരിയും ഇടവകാംഗങ്ങൾക്ക് ആനുപാതികമായി തെരഞ്ഞെടുക്കപ്പെടുന്നവരുമാണ് പ്രതിനിധികൾ.
സുപ്രീം കോടതി വിധിയെ തുടർന്ന് ജില്ലയിലെ കോലഞ്ചേരി, വരിക്കോലി, നെച്ചൂർ, കണ്യാട്ടുനിരപ്പ്, പഴന്തോട്ടം, കണ്ടനാട്, കടമറ്റം, പിറവം അടക്കമുള്ള താരതമ്യേന വലുതും സ്വത്തുവകൾ കൂടുതലുള്ളതുമായ ഇടവകകൾ കേന്ദ്രീകരിച്ചുമാണ് തർക്കം ഉടലെടുത്തത്. ഇവിടങ്ങളിൽ യാക്കോബായ വിഭാഗത്തിനായിരുന്നു ഭൂരിപക്ഷമെങ്കിലും വിധിയുടെ പിൻബലത്തിൽ പള്ളികൾ ഓർത്തഡോക്‌സ് പക്ഷം പിടിച്ചെടുത്തു. കോതമംഗലം, മുടവൂർ അടക്കമുള്ള പള്ളികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തർക്കം. ഇതിനിടെയാണ് 110 പള്ളികളിൽ വിധി നടത്തിപ്പിന് ഓർത്തഡോക്‌സ് സഭക്ക് വിശ്വാസികളില്ലെന്ന വിവരം പുറത്താകുന്നത്. ഇവിടങ്ങളിൽ സമാന്തരമായി വികാരിമാരെ നിയമിച്ചോ യാക്കോബായ വിശ്വാസികളെ തങ്ങളുടെ കൂട്ടത്തിലെത്തിച്ചോ വിധി നടത്തിയെടുക്കാനും നീക്കങ്ങൾ നടക്കുന്നുണ്ടത്രെ.
പള്ളികൾ കൂട്ടത്തോടെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ 1934 ഭരണഘടന അംഗീകരിച്ച് തങ്ങൾക്ക് ഭൂരിപക്ഷമുള്ള ഇടവകകളുടെ നിയന്ത്റണം തിരിച്ചു പിടിക്കണമെന്ന ആവശ്യം യാക്കോബായ സഭക്കുള്ളിൽ ശക്തമായിട്ടുണ്ട്. പഴന്തോട്ടം, പെരുമ്പാവൂർ, കണ്ടനാട് ഇടവകകളിലെ യാക്കോബായ വിശ്വാസികൾ ജില്ലാ കോടതിയിൽ നിയമ നടപടികളും ആരംഭിച്ചു.
മലങ്കര അസോസിയേഷനല്ല പ്രാതിനിധ്യത്തെ സൂചിപ്പിക്കുന്ന മാർഗ രേഖയെന്ന് ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു. അസോസിയേഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ പാലിക്കാത്ത വിവിധ പള്ളികളിൽ തിരഞ്ഞെടുപ്പ് റദ്ദു ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ പല പള്ളികളിൽ നിന്നും അസോസിയേഷനിൽ പ്രാതിനിധ്യമില്ലാതെ വന്നിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണിത്. ഇടവകകളിൽ സഭാംഗങ്ങളില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ബിജു ഉമ്മൻ പറഞ്ഞു.