കൊച്ചി : ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനുള്ള അണിയറ നീക്കങ്ങൾ മൂന്നു മുന്നണികളിലും സജീവമായി. സ്ഥാനാർത്ഥികളുടെ ആദ്യവട്ട പര്യടനം പൂർത്തിയാകുന്നതോടെ പ്രമുഖ നേതാക്കളെ അണിനിരത്തും. സ്ക്വാഡ് വർക്കിലൂടെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തന്ത്രങ്ങളാണ് എൽ.ഡി.എഫും യു.ഡി.എഫും ആസൂത്രണം ചെയ്യുന്നത്.

വിജയത്തിൽ ആശങ്കകളില്ലാതെയാണ് കോൺഗ്രസ് ടി.ജെ. വിനോദിനെ കളത്തിലിറക്കിയത്. പാലായിലെ അട്ടിമറിയുടെ പശ്ചാത്തലത്തിൽ കൂടുതൽ കരുതൽ വേണമെന്ന് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതാക്കളുമായി ആശയവിനിമയം നടത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഘടകക്ഷി നേതാക്കളും അടുത്ത ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.

സ്വതന്ത്രനായ അഡ്വ. മനു റോയിക്ക് വേണ്ടി സി.പി.എം ജില്ലാ നേതൃത്വം സജീവമായി രംഗത്തുണ്ട്. പാലായിൽ വിജയിച്ച മാണി സി. കാപ്പനെ താരപരിവേഷത്തോടെ എറണാകുളത്തും പ്രചരണത്തിനിറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ വരുംദിവസങ്ങളിൽ എറണാകുളത്തെത്തും.

ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ പ്രചാരണം ആരംഭിച്ചിട്ടേയുള്ളു. നഗരത്തിൽ സുപരിചിതാനാണെന്ന മികവ് പാർട്ടിക്ക് ധൈര്യം പകരുന്നുണ്ട്. മുൻ തിരഞ്ഞെടുപ്പിലേക്കാൾ വോട്ടുകൾ വർദ്ധിപ്പിക്കുകയെന്നതാകും പ്രചരണത്തിലെ മുൻഗണന. മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭനാണ് തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്.

# ഗാന്ധിസ്‌മൃതിയാത്രയിൽ വിനോദ്

ഗാന്ധി ജയന്തിദിനത്തിലും തിരക്കിട്ട പ്രചാരണത്തിലായിരുന്നു സ്ഥാനാർത്ഥികൾ. യു.ഡി.എഫിന്റെ ടി.ജെ. വിനോദ് നിരവധി പരിപാടികളിൽ പങ്കെടുത്തു. വടുതലയിലെ സ്ഥാപനങ്ങളും കന്യാസ്ത്രീ മഠങ്ങളും സന്ദർശിച്ചായിരുന്നു തുടക്കം. ചീഫ് ജസ്റ്റിസ് ഇൻചാർജ് ജസ്റ്റിസ് അബ്ദുൾ റഹിം ഉൾപ്പെടെ പ്രമുഖരെ വീടുകളിൽ സന്ദർശിച്ചു.
ഹൈബി ഈഡൻ എം.പിയും ഒപ്പമുണ്ടായിരുന്നു.
അന്തരിച്ച പ്രവാസി വ്യവസായി സി.കെ. മേനോന്റെ വീടും സന്ദർശിച്ചു.

# ഗാന്ധിക്ക് പുഷ്പമർപ്പിച്ച് മനു റോയ്

രാജേന്ദ്ര മൈതാനത്തിന് സമീപത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. മനു റോയ് പര്യടനം ആരംഭിച്ചത്. അന്തരിച്ച വ്യവസായി സി.കെ. മേനോന് വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം.ജി റോഡിൽ കവിത തിയേറ്ററിന് സമീപം പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്തു.

# ഗാന്ധിയാത്രയിൽ സി.ജി. രാജഗോപാൽ

ഗാന്ധി സന്ദേശ യാത്രയോടെയാണ് ബി.ജെ.പി സ്ഥാനാർഥി സി.ജി. രാജഗോപാൽ പ്രചാരണം ആരംഭിച്ചത്. ഹൈക്കോടതി കവലയിൽ നിന്നാരംഭിച്ച സന്ദേശ യാത്ര പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ഇന്നു (വ്യാഴം) മുതൽ കൺവൻഷനുകൾ ആരംഭിക്കും.