കൊച്ചി: ഗാന്ധിജിയുടെ 150ാം ജന്മദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി കലൂർ സ്റ്റേഡിയത്തിനു മുന്നിൽ നിന്ന് രാജേന്ദ്രമൈതാനി വരെ ഗാന്ധിസ്മൃതി യാത്ര നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ടി.ജെ. വിനോദ്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി, ഹൈബി ഈഡൻ എം.പി, കെ.വി തോമസ്, എം.എൽ.എമാരായ വി.ഡി സതീശൻ, അൻവർ സാദത്ത്, മുൻ മന്ത്രി കെ. ബാബു, മേയർ സൗമിനി ജയിൻ തുടങ്ങിയവർ പങ്കെടുത്തു.
എല്ലാവിധ എതിർപ്പുകളെയും മറികടന്ന് ഗാന്ധിയൻ ആദർശത്തിലധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ഉന്നത ജനാധിപത്യബോധം പൊതുസമൂഹത്തിനുണ്ടാവണമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സമ്മേളനം എറണാകുളം ആശിർഭവനിലെ കസ്തൂർബാനഗറിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.ഡി സതീശൻ, പി.ടി. തോമസ്, റോജി എം.ജോൺ, കെ.പി.ജി.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ . നെടുമ്പന അനിൽ തുടങ്ങിയവർ സംസാരിച്ചു. പിന്നീട് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
സേവ് കേരള മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനാഘോഷം എറണാകുളം ഗാന്ധിസ്‌ക്വയറിൽ പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. റാക്കൊ ജില്ലാ പ്രസിഡന്റ് കുമ്പളം രവി, കുരുവിള മാത്യൂസ്, കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
രാജ്യത്ത് വളർന്നുവരുന്ന ജാതീയ ചേരിതിരിവിനും പാർശ്വവത്കരണത്തിനും അസഹിഷ്ണുതയ്ക്കും അഴിമതിക്കും എതിരെ പോരാടുമെന്ന് വിവിധ സോഷ്യലിസ്റ്റ് രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ, തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സമ്മേളനം പ്രതിജ്ഞ ചെയ്തു. മുൻ എം.പി അഡ്വ. തമ്പാൻ തോമസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്രമൈതാനിയിലെ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി.
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികം ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നതിന് ആരംഭം കുറിച്ചു. കച്ചേരിപ്പടി ഗാന്ധി പ്രതിമയിൽ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ യുവതീയുവാക്കൾ പുഷ്പാർച്ചന നടത്തിയാണ് ഒരു വർഷം നീളുന്ന പരിപാടികൾക്ക് തുടക്കമിട്ടത്.
കേരള പ്രൊഫഷണൽ ഹൗസ് കീപ്പേഴ്സ് അസോസിയേഷനും ടൂറിസം പ്രൊഫഷണൽ ക്ളബും ചേർന്ന് വാക്കത്തൺ സംഘടിപ്പിച്ചു.