കൊച്ചി : ഗാന്ധിജിയുടെ ആദ്യകാലജീവിതം മുതൽ ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതു വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ സംഭവ പരമ്പരകൾ കോർത്തിണക്കി തിരുവാങ്കുളം നഗരസഭാ ഹാളിൽ ഗാന്ധി ചിത്രപ്രദർശനം നടന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, തൃപ്പൂണിത്തുറ തുടർ വിദ്യാകേന്ദ്രം എന്നിവരുടെ സഹകരണത്തോടെ പ്രദർശനം ഒരുക്കിയത്. ഇന്നു രാവിലെ 10 മുതൽ തൃപ്പൂണിത്തുറ എൻ.എസ്.എസ് വനിതാ കോളേജിലും പ്രദർശനം ഉണ്ടായിരിക്കും.

മഹാത്മാഗാന്ധിയുടെ ആശയങ്ങളും വാക്കുകളും കാലാതിവർത്തിയാണെന്നും അവ ഉൾക്കൊണ്ട് പുതുതലമുറ മുന്നോട്ട് പോകണമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. തിരുവാങ്കുളത്ത് തൃപ്പൂണിത്തുറ നഗരസഭ സോണൽ ഓഫീസിൽ ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷത്തിന്റെ ജില്ലാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിഅനുസ്മരണത്തിന്റെ ഭാഗമായുള്ള ഗാന്ധി ചിത്രപ്രദർശനവും എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വ സെമിനാർ നടക്കും. നാളെ വൈകിട്ട് 5ന് തിരുവാങ്കുളം തുടർവിദ്യാകേന്ദ്രത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണത്തെ ആസ്പദമാക്കി ഉപന്യാസം, കൈയെഴുത്ത് മത്സരങ്ങൾ നടക്കും. ആറാംതീയതി ഉച്ചയ്ക്ക് 1.30ന് നഗരസഭ സോണൽ ഓഫീസ് ഹാളിൽ ക്വിസ്, പ്രസംഗമത്സരം നടക്കും. ഫോൺ: 9847288361.