sweep
വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ദർബാർ ഹാൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ സിഗ്നേച്ചർ വാളിൽ ഒപ്പിട്ട് ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിക്കുന്നു.

കൊച്ചി: വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.സുഹാസ് നിർവഹിച്ചു. ദർബാർ ഹാൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ സിഗ്നേച്ചർ വാളിൽ ഒപ്പിട്ടായിരുന്നു ഉദ്ഘാടനം . ഉപതിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്ത് റെക്കോർഡ് സൃഷ്ടിക്കണമെന്ന് കളക്ടർ ആഹ്വാനം ചെയ്തു.

യുവവോട്ടർമാരെ ജനാധിപത്യ പ്രക്രിയയുമായി കൂടുതൽ അടുപ്പിക്കുകയാണ് സ്വീപ്പിന്റെ ലക്ഷ്യം. ഒരു വോട്ടും പാഴാക്കരുതെന്നാണ് സ്വീപ്പിന്റെ മുദ്രാവാക്യം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകളെ ലക്ഷ്യമിട്ടായിരിക്കും സ്വീപ്പിന്റെ പ്രവർത്തനങ്ങൾ. യുവ വോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയോട് അടുപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളെയും സ്വീപ്പിന്റെ ഭാഗമാക്കും. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്രോളുകളിലൂടെ പ്രചാരണം നടത്തും. അസിസ്റ്റന്റ് കളക്ടർ എം.എസ്.മാധവിക്കുട്ടിക്കാണ് സ്വീപ്പിന്റെ ചുമതല. ചടങ്ങിൽ സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ എസ്. ഷാജഹാൻ, അസിസ്റ്റന്റ് കളക്ടർ എം.എസ്.മാധവിക്കുട്ടി, കണയന്നൂർ തഹസീൽദാർ ബീന പി ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.