കൊച്ചി: കൊച്ചി കാൻസർ സെന്റർ കരാറുകാരന് ആരോഗ്യമന്ത്രി അനുവദിച്ചു നൽകിയ രണ്ടുമാസം കാലാവധി ഇന്ന് അവസാനിക്കും. നിർമ്മാണ പുരോഗതി വിലയിരുത്തൽ കളക്ടറുടെ നേതൃത്വത്തിൽ നാളെ (ശനി) നടക്കും.
ഒക്ടോബർ ആദ്യം ഒന്നാംനില പൂർത്തിയാക്കണമെന്ന നിർദ്ദേശം ഏതാണ്ട് പൂർത്തീകരിച്ചിട്ടുണ്ട്.
സമയപരിധിയിൽ ആദ്യഘട്ടത്തിൽ ഉണ്ടായ വീഴ്ച പരിഹരിക്കാൻ തക്ക പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ഇൻകെൽ ഉദ്യോഗസ്ഥർ പറയുന്നത്.
കാൻസർ സെന്ററിന്റെ സ്പെഷ്യൽ ഓഫീസറായി ജില്ലാ കളക്ടർ അടുത്ത ദിവസം ചുമതല ഏൽക്കും. ചർച്ചകളുടെ മേൽനോട്ടം വഹിക്കുക മാത്രമാണ് ഇത്രയും നാൾ കളക്ടർ ചെയ്തിരുന്നത്.
നിർമ്മാണത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ കരാർ റദ്ദ് ചെയ്യാൻ ആഗസ്റ്റ് നാലിന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
2020 ജൂലായ്ക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. പൈലിംഗ്, ഫൗണ്ടേഷൻ, ഗ്രൗണ്ട് ഫ്‌ളോർ, ഫസ്റ്റ് ഫ്‌ളോർ എന്നിങ്ങനെ പത്ത് ഘട്ടങ്ങൾക്ക് കാല പരിധി നിശ്ചയിച്ചാണ് കരാർ നൽകിയത്. ഒരു വർഷം പിന്നിട്ടപ്പോഴും അതിൽ നാലെണ്ണം പോലും സമയബന്ധിതമായി തീർക്കാൻ കരാർ കമ്പനിയ്ക്ക് കഴിയാതെ വന്നപ്പോഴായിരുന്നു അന്ത്യശാസനം.
കൊച്ചി കാൻസർ സെന്ററിന് സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും നിർമ്മാണ പുരോഗതി ആരോഗ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചു.
നിർമ്മാണം ആരംഭിച്ചത് : 2018 ജൂലായ് 9
കിഫ്ബി അനുവദിച്ച തുക : 385 കോടി
കെട്ടിട നിർമ്മാണത്തിന് : 235 കോടി
കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത് : 12 ഏക്കറിൽ
കൊച്ചി കാൻസർ സെന്റർ
കൺസൾട്ടിംഗ് ഏജൻസി: ഇൻകെൽ
കരാറുകാർ : പി. ആൻഡ് സി പ്രൊജക്ട്‌സ്, ചെന്നൈ
ഒന്നാംനിലയുടെ പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പണിക്കാരുടെ എണ്ണം കൂട്ടിയാണ് ഇപ്പോൾ നിർമ്മാണം. ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചോയെന്ന് നാളത്തെ യോഗത്തിൽ അറിയാം.'
ഡോ. മോനി എബ്രഹാം കുര്യാക്കോസ്
ഡയറക്ടർകൊച്ചി കാൻസർ സെന്റർ