കൊച്ചി : മറൈൻഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സൗന്ദര്യവത്കരണം നടത്താൻ ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചെന്ന് ജി.സി.ഡി.എയും ഇതു ശരിയല്ലെന്ന് ഹർജിക്കാരനും ഇന്നലെ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് വസ്തുതകൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ അഡ്വ. ലിജു. വി. സ്റ്റീഫനെ അമിക്കസ് ക്യൂറിയായി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇന്നലെത്തന്നെ മറൈൻഡ്രൈവ് സന്ദർശിച്ച് വസ്തുതകൾ മനസിലാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. മറൈൻ ഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻവയോൺമെന്റൽ മോണിറ്ററിംഗ് ഫോറം അംഗം രഞ്ജിത്ത്. ജി. തമ്പി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ ഹർജി പരിഗണിക്കുമ്പോൾ അനധികൃത തെരുവു കച്ചവടക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന ആഗസ്റ്റ് 14 ലെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ഇക്കൂട്ടർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. തെരുവ് കച്ചവടക്കാർ നഗരത്തിന്റെ ശാപമല്ല, സൗന്ദര്യമാണെന്ന് പാർലമെന്റ് വിലയിരുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ നേരത്തെ സിംഗിൾബെഞ്ച് വിധി പറഞ്ഞതാണെന്നും ഇതിനെതിരെ അപ്പീൽ നൽകുകയോ ഉചിതമായ ഫോറത്തെ സമീപിക്കുകയോ ആണ് വേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

#ഒക്ടോബർ 11 ന് ഹർജി വീണ്ടും പരിഗണിക്കും

ജി.സി.ഡി.എ സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ടിംഗ്

എൻജിനീയർ ജെബി ജോൺ നൽകിയ സത്യവാങ്മൂലത്തിൽ നിന്ന്

 ചീനവലപ്പാലം മുതൽ ഹൈക്കോടതി ജംഗ്ഷൻ വരെ 1.25 കിലോമീറ്റർ വരുന്ന പഴയ വാക്ക് വേയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ബാമ ഗ്രൂപ്പിന് നൽകി കരാർ ഉണ്ടാക്കി. ഹൈക്കോടതി ജംഗ്ഷൻ മുതൽ ടാറ്റ ഓയിൽ മിൽ കനാൽ വരെ 850 മീറ്റർ വരുന്ന പുതിയ വാക്ക്‌വേയുടെ പരിപാലനവും അറ്റകുറ്റപ്പണികളും ജി.സി.ഡി.എ നേരിട്ടു ചെയ്യുന്നു.

 പഴയ വാക്ക്‌വേയിലെ 100 വിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പുതിയ വാക്ക്‌വേയിലെ മെറ്റൽ ഹാലൈഡ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കി. ഇവിടുത്തെ അലങ്കാര വിളക്കുകളുടെ അറ്റകുറ്റപ്പണി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) ശുപാർശയിൽ ഉൾപ്പെടുത്തി.

 രണ്ട് സി.സി. ടി.വി കാമറകൾ സ്ഥാപിച്ചു.

 പഴയ വാക്ക് വേയിൽ തകർന്ന ടൈലുകൾ പൂർണ്ണമായും സ്വകാര്യ കമ്പനി മാറ്റി സ്ഥാപിച്ചു. പുതിയ വാക്ക്‌വേയിൽ തകർന്ന ടൈലുകൾ മാറ്റിയിടാനുള്ള ശുപാർശ സി.എസ്.എം.എല്ലിൽ ഉൾപ്പെടുത്തി. കൊച്ചിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ മറൈൻ ഡ്രൈവിലെ ജോലികൾക്ക് മുൻഗണന നൽകുമെന്ന് സി.എസ്.എം.എൽ അധികൃതർ അറിയിച്ചിട്ടുണ്ട്.

 ടൈലുകൾ മാറ്റുന്ന ജോലി ജി.സി.ഡി.എ ഏറ്റെടുത്താൻ 20 ലക്ഷത്തോളം ചെലവു വരും. സി.എസ്.എം. എൽ ഇതിനുള്ള ടെണ്ടർ നടപടികൾ തുടങ്ങിക്കഴിഞ്ഞാൽ പണി ജി.സി.ഡി.എ ഏറ്റെടുക്കുന്നത് അനാവശ്യ നഷ്ടമുണ്ടാക്കും.

 മറൈൻഡ്രൈവിലെ തകർന്ന ബെഞ്ചുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.

 മറൈൻഡ്രൈവ് വാക്ക്‌വേയെന്ന് ബോർഡ് വിവിധ ഭാഷകളിലെഴുതിയ ബോർഡുകൾ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്.

 പഴയ വാക്ക്‌വേയിലെ അനധികൃത കച്ചവടക്കാരെ പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചു.

 മറൈൻഡ്രൈവ് ഗ്രൗണ്ടിൽ ഒരു ടോയ്ലെറ്റ് കോംപ്ളക്സ് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ച് ഇതിന്റെ സ്കെച്ചുകൾ അനുമതിക്കായി കൊച്ചി കോർപ്പറേഷനു നൽകിയെങ്കിലും ഇതുവരെ മറുപടിയുണ്ടായില്ല. മറൈൻ ഡ്രൈവിലെ പേ ആൻഡ് പാർക്ക് മേഖലയിൽ ഹൈജീൻ - ആട്ടോമാറ്റിക് ടോയ്ലെറ്റുകൾ സ്ഥാപിക്കാനുള്ള ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ശുപാർശ അനുവദിക്കാൻ ജി.സി.ഡി.എ നടപടിയെടുത്തു വരികയാണ്.

 പഴയ വാക്ക്‌വേയിൽ സ്വകാര്യ കമ്പനിയും പുതിയ വാക്ക്‌വേയിൽ ജി.സി.ഡി.എ യും കാടു പിടിച്ച കുറ്റിച്ചെടികളും ഒടിഞ്ഞ മരക്കൊമ്പുകളുമൊക്കെ നീക്കം ചെയ്തു.

 പുതിയ വാക്ക്‌വേയിലെ ശുചീകരണ പ്രവർത്തനങ്ങൾ ജി.സി.ഡി.എ കരാർ നൽകിയിട്ടുണ്ട്.