മൂവാററുപുഴ: മൂവാററുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 8ന് വെെകിട്ട് 6.30ന് മഹാ ദീപാരാധനയോടെയാണ് നവരാത്രി മഹോത്സവത്തിന് സമാപനമാകുന്നത്. സമാപന ദിവസമായ 8ന് രാവിലെ 9ന് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെയും കേരള കൗമുദിയുടേയും സംയുക്താഭിമുഖ്യത്തിലുള്ള വിദ്യാരംഭം ചടങ്ങുകൾക്ക് തുടക്കമാകും. മഹാനവമി ദിനത്തിൽ സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകളും, വിദ്യാർത്ഥികൾക്കായി സരസ്വതി മന്ത്ര അർച്ചനയും , സമൂഹ പ്രാർത്ഥനയും നടത്തുന്നുണ്ട്.

വിദ്യാരംഭ ചടങ്ങുകളിൽ ക്ഷേത്രം മേൽശാന്തിക്ക് പുറമെ കേരളസാഹിത്യഅക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ, പി.എസ്.സി മെമ്പർ ഡോ. കെ.പി. സജിലാൽ എന്നിവർ തേനിൽ മുക്കിയ സ്വർണ്ണം കൊണ്ട് കുഞ്ഞുങ്ങളുടെ നാവിൽ ആദ്യക്ഷരം കുറിക്കും. വിദ്യാരംഭത്തിന് എത്തുന്ന കുട്ടികൾക്ക് വിശിഷ്ട കദളിഫല നിവേദ്യ പ്രസാദം , മുതിർന്നവർക്ക് എഴുതാനും സംഗീതോപാസന നടത്തുവാനും ചിത്ര രചനക്കും സൗകര്യമുണ്ട്. വിദ്യാരംഭത്തിന് മുന്നോടിയായി ദേവി സന്നിധിയിങ്കൽ വിശേഷാൽ പൂജകൾ നടന്നുവരുന്നു . ഒക്ടോബർ. 5 ന് സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്, ദീപാരാധന, ഭഗവതി സേവ, ദേവി സന്നിധിയിൽ വിശേഷാൽ പൂജ. 6ന് വെെകിട്ട് 4 മുതൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ശ്രീചക്ര പൂജ. 7ന് മഹാനവമി വിശേഷാൽ പൂജകൾ,രാവിലെ 8 മുതൽ വിദ്യാർത്ഥികൾക്കായി സരസ്വതി വിദ്യാമന്ത്രഅർച്ചനയും , സമൂഹ പ്രാർത്ഥനയും , വെെകിട്ട് മഹാ ദീപാരാധന . 8ന് വിജയ ദശമി, പൂജയെടുപ്പ്, വിദ്യാരംഭം . നവരാത്രി വ്രതം അനുഷ്ഠിക്കുന്നവർക്ക് സമൂഹാർച്ചനയിലും സാരസ്വതഘൃത സേവയിലും പങ്കെടുക്കാൻ കഴിയും.യൂണിയൻ പ്രസിഡന്റ് വി.കെ . നാരായണൻ, സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ.എ.കെ. അനിൽകുമാർ, ക്ഷേത്ര കമ്മറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും .