#വഴി വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അനുമതി വൈകുന്നു
ഇടപ്പള്ളി:കളമശേരി-വല്ലാർപാടം പാതയിൽ വഴിവിളക്കുകൾ സ്ഥാപിക്കാനായി സംസ്ഥാന ദേശീയ പാത അതോറിട്ടി വിഭാഗം കേന്ദ്രത്തിനു സമർപ്പിച്ച പദ്ധതിക്ക് നാലുമാസമായിട്ടും നടപടികളായില്ല . പതിനേഴു കിലോമീറ്റർ ദൂരം വഴി വിളക്കുകൾ സ്ഥാപിക്കാനായി 21.കോടിയുടെ പദ്ധതിയാണ് തയ്യാറാക്കി തിരുവനന്തപുരം ഹെഡ് ഓഫീസിൽ നിന്നും ജൂൺ മാസത്തോടെ കേന്ദ്രത്തിലേക്ക് അയച്ചു കൊടുത്തത്. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല . കളമശേരി മുതൽ റോഡിന്റെ മധ്യഭാഗത്തായിട്ടാണ് ലൈറ്റുകൾ സ്ഥാപിക്കുക .പാലങ്ങളിൽ ഇരുവശത്തുമാണ് ലൈറ്റുകൾ വരിക .കവലകളിൽ ഹൈമാസ്റ്റ് ലൈറ്റുകളുമായിരിക്കും .സാധാരണ റോഡ് നിർമ്മാണത്തോടൊപ്പം തന്നെ വഴിവിളക്കുകളും സ്ഥാപിക്കുന്ന രീതിയാണ് ദേശീയ പാത അതോറിട്ടി സ്വീകരിക്കാറുള്ളത് .ഇവിടെ 2002 ലെ പ്ലാനിംഗ് അനുസരിച്ചാണ് റോഡ് നിർമ്മാണം നടന്നിട്ടുള്ളത് .ഇത്രയും വാഹങ്ങളുടെ തിരക്കും മറ്റും അന്ന് കണക്കിലെടുക്കാതെ പോയതാണ് ഇത് വൈകാൻ കാരണമെന്നാണ് അധികൃതരും ചൂണ്ടിക്കാട്ടുന്നത് .
#സംസ്ഥാന ദേശീയപാത അതോറിട്ടി വിഭാഗം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ട് 4 മാസം
#21 കോടിയുടെ പദ്ധതി
#അവലോകന യോഗം ഉടൻ
മുടങ്ങി കിടക്കുന്ന പദ്ധതികളെ കുറിച്ചുള്ള അവലോകന യോഗം കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയുടെ നേതൃത്വത്തിൽ ഉടൻ നടക്കുന്നുണ്ട്. ഇതിൽ ഈ പദ്ധതിയും പരിഗണിക്കപ്പെടുമെന്നാണ് ദേശീയ പാത അതോറിട്ടി വൃത്തങ്ങൾ നൽകുന്ന സൂചന . അനുമതി ലഭിച്ചാൽ നാലു മാസം കൊണ്ട് കരാർ നടപടികളുൾപ്പെടെ പൂർത്തിയാക്കി പണികൾ നടത്താൻ കഴിയുമെന്നും അധികൃതർ പറഞ്ഞു .
#കൂരിരുട്ടിൽ വലയുന്നത് വാഹന യാത്രക്കാരും .
കണ്ടൈനർ ലോറികളുൾപ്പെടെ വലിയ വാഹനങ്ങളുടെ പാച്ചിലിൽ കഷ്ടപ്പെടുന്നതധികവും ഇരുചക്ര വാഹന യാത്രക്കാരാണ്. ലോറികൾ മറ്റു വാഹനങ്ങളെ മറികടന്നു പോകുമ്പോൾ വശത്തുകൂടി പോകുന്ന ചെറു വാഹനങ്ങളെ അപകടത്തിലാക്കുകയാണ്.വെളിച്ചം പോലുമില്ലാത്ത റോഡിൽ അപകടമുണ്ടാക്കി പോകുന്ന വാഹനം തിരിച്ചയറിയാൻ പോലും പറ്റാത്ത അവസ്ഥയാണിയിപ്പോൾ .ചേരാനല്ലൂർ സിഗ്നൽ കടന്നാൽ മുളവുകാട് വരെ റോഡിൽ കൂരിരുട്ടാണ്. പരിസരങ്ങളാകട്ടെ കാടുപിടിച്ചു വിജനവും . യാത്രക്കാർ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നു ആവശ്യമുയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ചിത്രം -ഇരുട്ടിൽ നിറഞ്ഞ കണ്ടൈനർ റോഡ് .(ചിത്രം -മെയിലിൽ)