കൊച്ചി: വാഹന പിഴയടയ്ക്കാൻ ഇനി എ.ടി.എം കാർഡുകൾ കൈയിലുണ്ടായാലും മതി. നവംബർ ഒന്നു മുതൽ
ആയിരത്തോളം പി.ഒ.എസ് മെഷീനുകൾ (സ്വൈപിംഗ് മെഷീൻ) ഇതിനായി പൊലീസുകാർക്ക് നൽകും. എച്ച്.ഡി.എഫ്.സി ബാങ്കിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പിഴത്തുക ബാങ്കുവഴി തത്സമയം സംസ്ഥാന ട്രഷറിയിൽ എത്തും
.
ട്രാഫിക് കുറ്റങ്ങളുടെ പിഴത്തുക കുത്തനെ വർദ്ധിപ്പിച്ചതോടെ പലർക്കും കൈയോടെ പണമായി അടയ്ക്കാൻ സാധിക്കാതായി. ഈ സാഹചര്യത്തിലാണ് പൊലീസ് സ്വൈപിംഗ് മെഷീന്റെ സാദ്ധ്യത അന്വേഷിച്ചത്. തമിഴ്നാട് പൊലീസ് സ്വൈപിംഗ് മെഷീൻ ഉപയോഗിക്കുന്നുണ്ട്.
റീട്ടെയ്ൽ ബിസിനസ് രംഗത്ത് ഇപ്പോഴുള്ളവയെക്കാൾ ആധുനിക സ്വൈപിംഗ് മെഷീനുകളാണ് ട്രാഫിക് പൊലീസിന് നൽകുന്നത്. ആൻഡ്രോയ്ഡ് ഫോണായും ഇത് ഉപയോഗിക്കാം. കാമറയും മെഷീനിലുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ വീഡിയോയും ഫോട്ടോയും ഒറ്റ ക്ലിക്കിൽ സേവ് ചെയ്യാം.
സൗകര്യപ്രദം
• പൊലീസിന് ചെലാൻ പ്രിന്റിംഗ് കുറയ്ക്കാം
• പണം പൊലീസിന് കൈയിൽ വാങ്ങേണ്ട
• പിഴയടയ്ക്കാൻ ട്രാഫിക് സ്റ്റേഷനിൽ പോകേണ്ട
"മെഷീനുകൾ എല്ലാ ജില്ലയിലും ഉടൻ വിതരണം ചെയ്യും. ഉദ്യോഗസ്ഥർക്കും വാഹന ഉപഭോക്താക്കൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും".
- ബൽറാംകുമാർ ഉപാധ്യായ
ഐ.ജി, ട്രാഫിക് ഇൻചാർജ്