കോലഞ്ചേരി: പൂതൃക്ക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പൊളിച്ചു മാറ്റാത്ത പഴയ കെട്ടിടം കാലഹരണപ്പെട്ട് ഇടിഞ്ഞു വീഴാറായ അവസ്ഥയിൽ. 2014 ൽ പുതിയ കെട്ടിടം പണിതതോടെ പഴയ കെട്ടിടത്തിൽ ക്ളാസുകൾ നടത്തുന്നില്ല. വിശ്രമ വേളകളിൽ കുട്ടികൾ പഴയ കെട്ടിടത്തിൽ കളിക്കാനെത്തുന്നത് ദുരന്ത ഭീഷണി ഉയർത്തുന്നു.
രാത്രി കാലങ്ങളിൽ സമൂഹ വിരുദ്ധരുടെ താവളം. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കെട്ടിടം പൊളിയ്ക്കാൻ രണ്ടു പ്രാവശ്യം ടെൻഡർ വിളിച്ചെങ്കിലും സർക്കാർ നിശ്ചയിച്ച തുകയിലേയ്ക്ക് എത്താത്തതിനാൽ ടെൻഡർ നടപടിയായില്ല. ആദ്യ ടെൻഡറിൽ കെട്ടിടത്തിന്റെ മതിപ്പു വില പത്ത് ലക്ഷം രൂപയായിരുന്നു . രണ്ടാം ഘട്ടത്തിൽ എട്ടു ലക്ഷമാക്കി കുറച്ചെങ്കിലും ടെൻഡറെടുക്കാൻ ആരുമെത്തിയില്ല. എൺപത് വർഷം പഴക്കമുള്ള കെട്ടിടമാണിത്. കാടു കയറി നശിച്ചു കൊണ്ടിരിക്കുകയാണ് .