kayal

കൊച്ചി : വേമ്പനാട് കായൽതീരത്ത് തീരനിയന്ത്രണ നിയമപ്രകാരമുള്ള വിലക്ക് ലംഘിച്ച് നിർമ്മിച്ച 625 കെട്ടിടങ്ങളുണ്ടെന്നും ഇതിന് കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിമാരടക്കമുള്ള വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിലവിലുള്ള വിജിലൻസ് കേസ് വിചാരണഘട്ടത്തിലാണെന്നും തദ്ദേശഭരണവകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്. ഹർജിയിൽ ചില ചോദ്യങ്ങൾ ചോദിച്ച് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിന്റെ മറുപടിയായാണ് പഞ്ചായത്ത് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്.

അനധികൃത കെട്ടിടങ്ങളിൽ പാണാവള്ളി പഞ്ചായത്തിലെ കാപ്പിക്കോ റിസോർട്ടും മഡ്‌ഢി റിസോർട്ടും പൊളിക്കുന്നതു സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി ഏഴ് വാണിജ്യകെട്ടിടങ്ങളും ബാക്കി തീരദേശവാസികൾ നിർമ്മിച്ച വീടുകളുമാണ് നിയമം ലംഘിച്ച് നിർമ്മിച്ചതായി കണ്ടെത്തിയത്. ഇവർക്ക് കേരള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ട്. നിർമ്മാണത്തിന് അനുമതി നൽകിയതിന് നാലുപഞ്ചായത്ത് സെക്രട്ടറിമാർക്കും മൂന്ന് കീഴുദ്യോഗസ്ഥർക്കും എതിരെ വിജിലൻസ് കേസ് നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വേമ്പനാട് തീരത്തെ അനധികൃത കെട്ടിടങ്ങൾ

എറണാകുളം ജില്ലയിൽ - 383 കെട്ടിടങ്ങൾ

ഇതിൽ അനധികൃത റിസോർട്ടുകൾ - 5

ആലപ്പുഴ ജില്ലയിൽ - 212 കെട്ടിടങ്ങൾ

കോട്ടയം ജില്ലയിൽ - 30 കെട്ടിടങ്ങൾ

സാറ്റലൈറ്റ്, കെഡസ്ട്രൽ മാപ്പുകൾ ലഭിച്ചില്ല

തീരനിയന്ത്രണനിയമം ബാധകമായ വേമ്പനാട് തീരമേഖലയുടെ അതിർത്തിയും ഉടമസ്ഥാവകാശവും വ്യക്തമാക്കുന്ന സമ്പൂർണ കെഡസ്ട്രൽ മാപ്പോ കൈയേറ്റം വ്യക്തമാക്കുന്ന സാറ്റലൈറ്റ് മാപ്പോ പഞ്ചായത്തുകൾക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ ജില്ലയിലെ ചില മേഖലകളുടെ കെഡസ്ട്രൽ മാപ്പ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതീവ ദുർബല തീരമേഖലയെന്ന നിലയിൽ വേമ്പനാട് കായൽതീര സംരക്ഷണത്തിനായി ഭൗമശാസ്ത്ര പഠനകേന്ദ്രം തയ്യാറാക്കിയ സമഗ്ര തീരപരിപാലന പദ്ധതിയെക്കുറിച്ചോ ഇതു നടപ്പാക്കുന്നതിനെക്കുറിച്ചോ പഞ്ചായത്തു വകുപ്പിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടില്ല. ഇതു നടപ്പാക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നതായി അറിയുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.