കൊച്ചി : ആഴ്‌ചകൾ നീണ്ട ആശങ്കകൾക്കൊടുവിൽ മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ, ഭൂരിപക്ഷം പേരും താമസം മാറി. ഇന്നു മുതൽ ഇവിടെ താമസിക്കാൻ ഫ്ലാറ്റുടമകളെ അനുവദിക്കില്ലെങ്കിലും സാധനങ്ങൾ മാറ്റാൻ സമയം നീട്ടി നൽകാൻ പൊലീസ് സമ്മതിച്ചിട്ടുണ്ട്. താമസം ഒഴിഞ്ഞെന്ന് രേഖാമൂലം എഴുതി നൽകിയാൽ സാധനങ്ങൾ നീക്കാൻ 9ാം തീയതി വരെ സമയം നൽകും. സുപ്രീംകോടതിയിൽ സമർപ്പിക്കാനാണ് രേഖ ആവശ്യപ്പെട്ടത്.
കൂടുതൽ പേരും സ്വയം കണ്ടുപിടിച്ച ഫ്ലാറ്റുകളിലേക്കും ബന്ധുവീടുകളിലേക്കുമാണ് മാറിയത്.വീട്ടുസാധനങ്ങൾ മാറ്റാൻ സമയം നീട്ടി നൽകണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. എത്ര സമയം വേണമെന്ന് ഓരോരുത്തരും പ്രത്യേകം അപേക്ഷ നൽകിയാൽ അതിനനുസരിച്ച് പരിഗണിക്കാമെന്ന് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി ഇന്നലെ വൈകിട്ട് ഉടമകളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.
സാധനങ്ങൾ മാറ്റാൻ പൊലീസിന്റെയോ റെഡ് ക്രോസിന്റെയോ സഹായം ആവശ്യമെങ്കിൽ നൽകും. അതുവരെ വെള്ളമോ വൈദ്യുതിയോ വിച്ഛേദിക്കില്ല. 72 മണിക്കൂർ മുതൽ 10 ദിവസം വരെ സാധനങ്ങൾ മാറ്റാൻ ഉടമകൾ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് ലിഫ്റ്റ് ഇല്ലാത്തതാണ് സാധനങ്ങൾ മാറ്റുന്നത് വൈകാൻ കാരണമെന്ന് താമസക്കാർ പറയുന്നു. വിദേശത്തുള്ള ഉടമകൾ കിട്ടിയ വിലയ്ക്ക് സാധനങ്ങൾ വിൽക്കുകയാണ്. ചിലർ ഗോഡൗൺ വാടകയ്ക്ക് എടുത്ത് സാധനങ്ങൾ മാറ്റുന്നുമുണ്ട്.
സമ്മതപത്രത്തെച്ചൊല്ലി ഉടമകൾ രണ്ട് തട്ടിലാണ്. താമസം മാറിയവർ എഴുതി നൽകാൻ തയ്യാറാണ്. കബളിപ്പിക്കപ്പെടുമോയെന്ന ആശങ്കയിൽ ഇത് നൽകേണ്ടെന്ന തീരുമാനത്തിലാണ് ചിലർ.
സർക്കാർ ഒരു കോടി നൽകി
താമസ സൗകര്യം ആവശ്യമുള്ളവർ നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ നൽകാനാണ് ഇന്നലെ വൈകിട്ടും ഉടമകൾക്ക് കിട്ടിയ നിർദ്ദേശം. ഫ്ലാറ്റ് ആവശ്യപ്പെട്ട് ആരും സമീപിച്ചില്ലെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടി.എച്ച്. നദീറ പറഞ്ഞു. പുനരധിവാസത്തിന് സർക്കാർ ഒരു കോടി രൂപ നഗരസഭയ്‌ക്ക് നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തുക ഫ്ളാറ്റുടമകൾക്ക് കൈമാറും.