തോപ്പുംപടി: സ്വകാര്യ ബസുകളുടെ മത്സരയോട്ടം പശ്ചിമകൊച്ചിക്കാർക്ക് തലവേദനയാകുന്നു. രാവിലെയും വൈകിട്ടുമാണ് വണ്ടികൾ കുതിച്ചു പായ്യുന്നത്. മനുഷ്യജീവന് പുല്ല് വില നൽകിയാണ് ഇവയുടെ മരണപാച്ചിൽ. പല സ്ഥലത്തും പൊലീസിന്റെ പഞ്ചിംഗ് എടുത്ത് കളഞ്ഞതാണ് ഇവർക്ക് തരമായത്.കുറച്ച് ദിവസങ്ങൾക്ക് മുൻപ് തോപ്പുംപടി പ്യാരി ജംഗ്ഷനിൽ ഒരു സ്വകാര്യ ബസിനെ മറ്റൊരു സ്വകാര്യ ബസ് ഓവർ ടേക്ക് ചെയുന്നതിനെ തുടർന്ന് കൂട്ടയിടി സംഭവിച്ചു.അപകടത്തെ തുടർന്ന് പള്ളുരുത്തി സ്വദേശിയായ റിസ്വാൻ, കണ്ണൂർ സ്വദേശി അഭിൽ രാജ് എന്നിവർക്ക് പരിക്കേറ്റു.ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനെ തുടർന്ന് തോപ്പുംപടി ജംഗ്ഷൻ ഗതാഗതക്കുരുക്കിലായി.തുടർന്ന് തോപ്പുംപടി പൊലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. ആദ്യനാളുകളിൽ പ്രധാനപ്പെട്ട ബസ് സ്റ്റോപ്പുകളിൽ ട്രാഫിക് പൊലീസിന്റെ പഞ്ചിംഗ് ഉണ്ടായിരുന്നത് എടുത്ത് കളഞ്ഞതാണ് മരണപാച്ചിലിന് കാരണമായത്. പലപ്പോഴും ശ്വാസം അടക്കിപ്പിടിച്ചാണ് യാത്രക്കാർ ബസിലിരിക്കുന്നത്. ഡ്രൈവർമാർ തമ്മിലുള്ള പരസ്പര തെറി വിളികളും യാത്രക്കാർക്ക് ശല്യമായിരിക്കുകയാണ്.

#മരണപ്പാച്ചിലിന് കാരണം കളക്ഷൻ കുറവ്

പലപ്പോഴും ഒരു മിനിറ്റ് വ്യത്യാസത്തിലാണ് കാക്കനാട്, ആലുവ, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കുമ്പളങ്ങി, ചെല്ലാനം, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. ഒരു ബസ് മറികടന്നു പോയാൽ കളക്ഷനിൽ കുറവ് വരുന്നതിനാലാണ് ഇവർ മരണപാച്ചിൽ നടത്തുന്നത്.

# നടപടി എടുക്കാതെ അധികാരികൾ

പൊലീസോ ,ആർ.ടി.ഒയോ വിഷയത്തിൽ ഇടപെടാത്തതാണ് സ്വകാര്യ ബസുകാർക്ക് തരമാകുന്നത്. കാലപഴക്കം ചെന്ന സ്വകാര്യ ബസുകളിലെ യാത്രയും യാത്രക്കാർക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.കണ്ടം ചെയ്ത പല സ്വകാര്യ ബസുകളുമാണ് കൊച്ചിയിൽ സർവീസ് നടത്തുന്നത്.

#ഒരു മാസം 50 ഓളം ബസ് അപകടങ്ങൾ