nazrudheen
കേരള വ്യാപാരിവ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾക്ക് കുറഞ്ഞ ദിവസവരുമാനം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ ആവശ്യപ്പെട്ടു. കുന്നുകരയിൽ സമിതി നെടുമ്പാശേരി മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാപാരികൾക്ക് ജോലിസ്ഥിരത ഉറപ്പാക്കണം. ജന്മി പറഞ്ഞാൽ സ്ഥാപനം ഒഴിഞ്ഞുകൊടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനത്തെ 90 ശതമാനം വ്യാപാരികളും. ഫ്ളാറ്റുകളും മറ്റും ഒഴിയേണ്ടി വന്നപ്പോൾ കക്ഷിവ്യത്യാസമില്ലാതെ സഹായിക്കാനെത്തിയവർ പാവപ്പെട്ട വ്യാപാരിയെ പുറത്താക്കിയാൽ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണുള്ളത്. വ്യാപാരികളെ സംരക്ഷിക്കാനാവശ്യമായ നിയമനിർമാണം അടിയന്തരമായി നടത്തണം. വ്യാപാരികളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര, ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ കെ. സേതുമാധവൻ, ബാബു കുരുത്തോല, കെ.എസ്. മാത്യു, ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ പ്രസംഗിച്ചു. നേരത്തെ കുന്നുകര കപ്പേളയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ മേഖലയിലെ 16യൂണിറ്റുകളിൽ നിന്നുള്ള വ്യാപാരികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഭാരവാഹികളായി സി.പി. തരിയൻ(പ്രസിഡന്റ്), ഷാജി മേത്തർ, പി.കെ. എസ്‌തോസ്, വി.എ.ഖാലിദ്,എൻ.എസ്.ഇളയത് (വൈസ് പ്രസിഡന്റുമാർ), കെ.ബി. സജി (ജനറൽ സെക്രട്ടറി), പി.ജെ. ജോയി, ടി.എസ്. ബാലചന്ദ്രൻ, ബൈജു ഇട്ടൂപ്പ്, ജോയ് ജോസഫ് (സെക്രട്ടറി), ഷാജു സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.