കൊച്ചി: പിടിച്ചുനിൽക്കാനുള്ള അവസാനശ്രമവും തങ്ങൾ സ്വപ്നം കണ്ടു വാങ്ങിയ വീടും ഉപേക്ഷിച്ച് അവർ പടിയിറങ്ങുന്നു. നിയമപ്രകാരം ഒഴിഞ്ഞുകൊടുക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചതോടെ മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് ഇനി താമസിക്കാനാവില്ല. ഇന്ന് മുതൽ പലയിടങ്ങളിലായി വാടകക്കാരാണ് ഇവരിൽ ഏറെപ്പേരും. ചിലർ ബന്ധുവീടുകളിൽ അഭയാർത്ഥികളും!

ഇന്നലെ രാത്രിയിലും അവശേഷിക്കുന്ന സാധനങ്ങൾ മാറ്റുന്ന തിരക്കിലായിരുന്നു വീട്ടുകാർ. ഇനിയൊരു വട്ടം കൂടി വീട് കാണാനെത്താനാവാതെ വിദേശത്തുമുണ്ട് ചിലർ. വിരമിച്ചശേഷം സ്വസ്ഥമാകാമെന്ന് കരുതി ഫ്ലാറ്റുകൾ വാങ്ങിയവർഇനിയൊരു വീട് സ്വന്തമാക്കാനാവില്ലല്ലോയെന്ന സങ്കടം മറച്ചുവെച്ചില്ല. നീണ്ട വർഷങ്ങൾ നികുതി വാങ്ങിയിട്ടും തങ്ങളെ കറിവേപ്പില പോലെ ഉപേക്ഷിച്ച അധികൃതരെ പോലെയായില്ല ചില വീട്ടമ്മമാർ. നട്ടുവളർത്തിയ കറിവേപ്പില ചെടികൾ പോലും താമസം മാറുന്നിടത്തേക്ക് കൊണ്ടുപോകാൻ അവർ മറന്നില്ല.

ലക്ഷങ്ങൾ ചെലവഴിച്ച് ഫർണിഷ് ചെയ്ത ഫ്ലാറ്റിനകത്തെ പൊളിച്ചു മാറ്റാവുന്നതെല്ലാം എടുത്താണ് മിക്കവരും സ്ഥലമൊഴിഞ്ഞത്. തടിയിൽ പണി കഴിപ്പിച്ച ഫർണിച്ചറുകളും കിച്ചൻ ഇന്റീരിയറുമൊക്കെ ഇതിൽപ്പെടും. വിദഗ്ദ്ധരെയെത്തിച്ചാണ് പലരും സാധനങ്ങൾ ഇളക്കി മാറ്റിയത്.

എച്ച്.ടു.ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിൽ വിദേശ മലയാളികളുടെ 20 അപ്പാർട്ട്‌മെന്റുകൾ പൂട്ടികിടക്കുകയാണ്. ഇവർ നാട്ടിലെത്തുന്ന മുറയ്ക്ക് സാധനങ്ങൾ മാറ്റാൻ സമയം നൽകും. വിദേശത്തുള്ള ചിലർ നാട്ടിലെ സുഹൃത്തുക്കളെ നിയന്ത്രണമേല്പിച്ച് കിട്ടിയ വിലയ്ക്ക് സാധനങ്ങൾ വിറ്റഴിച്ചു. മറ്റു ചിലർ മാസം 6,000 രൂപ മുതൽ വാടകയ്ക്ക് ഗോഡൗണുകളെടുത്ത് സാധനങ്ങൾ അങ്ങോട്ട് മാറ്റി.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടർ എസ്. സുഹാസും ഇന്നലെ ഫ്ലാറ്റുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഓരോരുത്തർക്കും സാധനങ്ങൾ മാറ്റാൻ ഇനിയെത്ര സമയം വേണമെന്ന് അന്വേഷിച്ച പൊലീസ് ആവശ്യമെങ്കിൽ പൊലീസിന്റെയും റെ‌ഡ് ക്രോസിന്റെയും സഹായം അനുവദിക്കാമെന്നും അറിയിച്ചു. ഫ്ലാറ്റുകളിൽ നിന്ന് മാറ്റാത്ത സാധനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മാറ്റുമെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു. പിന്നീട് ഉടമകൾക്ക് എപ്പോൾ വേണമെങ്കിലും ഏറ്റെടുക്കാമെന്നും കളക്ടർ പറഞ്ഞു. കഴിയുന്നതും ഇന്നത്തോടെ എല്ലാ സാധനങ്ങളും മാറ്റാനുള്ള ശ്രമത്തിലാണ് ഫ്ലാറ്റുടമകൾ. തങ്ങളുടെ വിഷമവും പ്രതിഷേധവും അവസാനദിവസവും അവർ പ്രകടിപ്പിച്ചു.

പൊളിക്കുന്ന ഫ്ളാറ്റുകൾക്ക് പരിസരത്ത് താമസിക്കുന്നവർ ഇന്നും നഗരസഭയിലെത്തി തങ്ങളുടെ ആശങ്ക ഉദ്യോഗസ്ഥരോട് പങ്കുവച്ചു. ഒക്ടോബർ 12, 13, 14 തീയതികളിൽ മരടിലെ വിവിധ വാർഡിലെ ആളുകൾക്കായി ബോധവത്കരണത്തിനായി യോഗം സംഘടിപ്പിച്ചിട്ടുണ്ട്.