ആലുവ: ആലുവ നഗരസഭ കുറ്റിപുഴ കൃഷ്ണപിളള മെമ്മോറിയൽ ലൈബ്രറിയെ ഇല്ലായ്മ ചെയ്യാനുളള നീക്കത്തിൽ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതിഷേധ നാടകവുമായി കലാകാരന്മാർ.
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയാണ് പ്രതിഷേധ നാടകവുമായി രംഗത്തുവന്നത്. മേഖല പ്രസിഡന്റ് ടോണി പി.വർഗീസ് രചനയും സംവിധാനവും നിർവഹിച്ച അക്ഷരമുറ്റം എന്ന തെരുവ് നാടകമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചത്. നന്മ സെക്രട്ടറി ബാബുപുലിക്കോട്ടിലാണ് നാടകത്തിലെ ഗാനങ്ങൾ രചിച്ചത്. നന്മ പ്രവർത്തകരായ രജികുമാർ പുക്കാട്ടുപടി, ഖാലിദ്, അബ്ദുൾസലാം, സൂര്യരജികുമാർ, ജിൻസി ജെസ്റ്റിൻ എന്നിവരാണ് അഭിനയിച്ചത്.
ഒരു നഗരത്തിന്റെ വികസനം സാംസ്‌കാരികരംഗവുമായി ബന്ധപ്പെട്ടുളളതാണ്. വികസനത്തിന്റെ പേരിലും വരുമാനത്തിന്റെ പേരിലും മാത്രമായി സാംസ്‌കാരിക പ്രവർത്തനത്തെ പരിമിതപ്പെടുത്തുന്ന ഭരണാധികാരികൾ ജനാധിപത്യഭരണകൂടത്തിന് ഗുണകരമല്ലെന്ന സന്ദേശമാണ് നാടകത്തിന്റെ പ്രമേയം. കുറ്റിപ്പുഴ കൃഷ്ണപിളള സാംസ്‌കാരിവേദി നടത്തിവരുന്നലൈബ്രറി സമരത്തിന് നന്മ പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു. ലൈബ്രറിയങ്കണത്തിൽ കുടിവെളള പ്ലാന്റ് സ്ഥാപിക്കാനുളള തീരുമാനം പൂർണ്ണമായി പിൻവലിക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനിൽക്കുമെന്നും നന്മ ഭാരവാഹികൾ അറിയിച്ചു.