പറവൂർ : ഗാന്ധിജയന്തി ആഘോഷം നടത്താത്തതിൽ പ്രതിഷേധിച്ച് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗമായ വി.എസ്. അനിക്കുട്ടൻ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചു. പഞ്ചായത്ത് അംഗമായി തുടരാനാണ് തിരുമാനം. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു പഞ്ചായത്ത് അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താനോ പരിസരം ശുചീകരിക്കാനോ പ്രസിഡന്റ് തയാറാകാഞ്ഞതാണ് രാജിവെയ്ക്കാനുള്ള കാരണം. ഒന്നാം തീയതി ശുചീകരണം നടത്താൻ തീരുമാനിച്ചിരുന്നതനുസരിച്ച് കുടുംബശ്രീ, തൊഴിലുറപ്പു പ്രവർത്തകരോട് എത്താൻ പറഞ്ഞു. എന്നാൽ, ഒന്നാം തീയതി നടത്താൻ കഴിയില്ലെന്ന് അഞ്ചാം തീയതി ചെയ്യാമെന്നും പ്രസിഡന്റ് പറഞ്ഞതായി പിന്നീട് സെക്രട്ടറിയിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ ഡി.സി.സിയുടെ പരിപാടിയുണ്ടായിരുന്നതിനാൽ കോൺഗ്രസ് അംഗങ്ങൾ എറണാകുളത്തായിരുന്നു. എങ്കിലും ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്താമെന്ന് പ്രസിഡന്റ് അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല. വിഷയം ചർച്ചയായതോടെ ജയന്തി ദിവസം ഉച്ചയോടെ സി.പി.എമ്മുകാർ പ്രതിമയിൽ മാല ചാർത്തുകയും ചെയ്തു. പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് അനിക്കുട്ടൻ പറഞ്ഞു. കുറച്ചു നാളുകളായി ഭരണപക്ഷത്തു പടലപ്പിണക്കങ്ങളുണ്ട്. പഞ്ചായത്തിന്റെ വികസനമുരടിപ്പിലും പ്രസിഡന്റിന്റെ നിലപാടുകളിലും പ്രതിഷേധിച്ചു രണ്ട് വർഷം മുൻപ് അനിക്കുട്ടൻ രാജിക്കൊരുങ്ങിയെങ്കിലും നേതൃത്വം ഇടപെട്ടു പ്രശ്നം പരിഹരിച്ചു. യു.ഡി.എഫിന്റെ ഒമ്പത് അംഗങ്ങളിൽ ആറ് പേർ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ടു ഡി.സി.സിക്കു മുൻപു നിവേദനം നൽകിയിരുന്നു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രസിഡന്റ് പി.വി.ലാജു രാജിവയ്ക്കണമെന്ന ആവശ്യവുമായി മറ്റൊരു കോൺഗ്രസ് അംഗം കെ.എ. ബിജു രംഗത്തെത്തിയിട്ടുണ്ട്.