മൂവാറ്റുപുഴ: ആഗോള സൗരോർജയാത്രയുടെ ഭാഗമായി മൂവാറ്റുപുഴ നിർമ്മല കോളേജ് മുംബയ് ഐ.ഐ.ടിയുമായി സഹകരിച്ച് ദശലക്ഷം ഉൗർജഉപഭോക്താക്കളെ പ്രാദേശികമായി ഉൗർജോത്പാദനത്തിൽ സ്വയം പര്യാപ്തരാക്കുന്നതിന് ആഗോളതലത്തിൽ സംഘടിപ്പിച്ചിട്ടുള്ള ബൃഹദ്‌സംരംഭത്തിന് തുടക്കമായി. കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ പാരമ്പര്യേതര ഉഝർജോത്പാദന വർക്ക്‌ഷോപ്പ് ജീവശാസ്ത്രജ്ഞൻ ഡോ. ഷാജു തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജയിംസ് മാത്യു അദ്ധ്യക്ഷതവഹിച്ചു.
കോളേജിലെ ഉൗർജതന്ത്ര വിഭാഗത്തിലെ കുട്ടികളാണ് ഈ സംരംഭത്തിലെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രത്യേക പരിശീലനം നേടിയ യുവശാസ്ത്രജ്ഞരിലൂടെ പദ്ധതി ഗ്രാമങ്ങളിലേക്കെത്തിക്കുക എന്ന ദൗത്യമാണ് കോളേജ് ലക്ഷ്യമാക്കുന്നത്. കുട്ടികളിലെ സേവനതാത്പര്യവും ശാസ്ത്രബോധവും സംരംഭകത്വവും വളർത്തിയെടുക്കുക; ഗാന്ധിജിയുടെ പ്രകൃതിസങ്കല്പം ഗ്രാമീണരിലെത്തിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യത്തിൽപ്പെടുന്നു. പ്രകൃതിയോട് ശാന്തത പുലർത്തുമെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡോ. ടി. ജോർജ് ജെയിംസ്, ഡോ. എൻ. അലോഷ്യസ് സാബു എന്നിവർ പ്രസംഗിച്ചു.