picture
കുട്ടികൾ തങ്ങളുടെ ഫ്ലാറ്റിന്റെ ഭിത്തിയിൽ കോറിയിട്ട ചിത്രങ്ങൾ

കൊച്ചി: വീടൊഴിയും മുമ്പേ സ്വരുക്കൂട്ടി വച്ചതെല്ലാം അടുക്കിപ്പെറുക്കുന്ന തിരക്കിലായിരുന്നു അച്ഛനമ്മമാർ. എന്നാൽ ഒന്നിച്ചു കളിച്ചുവളർന്ന യാത്ര പറയാനാവാതെ വിങ്ങുകയായിരുന്നു പുറത്ത് കളിക്കൂട്ടുകാർ. ഇനി വേറെ നാട്ടിൽ,​ വേറെ വീടുകളിൽ. ഫ്ലാറ്റിലെ അരഭിത്തിയിൽ തങ്ങളുടെ സങ്കടം ആ കൂട്ടുകാർ കോറിയിട്ടു. ''ഞങ്ങൾ ഇവിടെ ജീവിച്ചിരുന്നു'', '' ഇതാണ് ഞങ്ങൾ സെപ്തംബർ 30ന് ധരിച്ചിരുന്ന വസ്ത്രം'' എന്ന അടിക്കുറിപ്പോടെ തൃഷയും സാനിയയും ശ്രേയയും വരച്ചിട്ട ചിത്രങ്ങൾ അവരുടെ മാത്രമല്ല,​ മരടിലെ താമസക്കാരുടെ മുഴുവൻ നൊമ്പരമാണ്.

മരട് ഹോളി ഫെയ്ത് എച്ച്ടുഒ ഫ്ലാറ്റിലെ നാലാം നിലയിലെ പ്രതീക്ഷ അപ്പാർട്ട്‌മെന്റിലെ ഡോ. ആനന്ദിന്റെയും ഡോ. ദീപയുടെയും മക്കളാണ് തൃഷയും ശ്രേയയും. ഇവരുടെ അയൽവാസി അഡ്വ. പീയൂഷിന്റെ മകളും കൂട്ടുകാരിയുമാണ് സാനിയ.
മൂന്ന് പേരും മരട് ഗ്രിഗോറിയൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. ഫ്ലാറ്റ് പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ മൂന്ന്‌പേരും സങ്കടത്തിലായിരുന്നു. കണ്ണട വച്ച തൃഷയും ശ്രേയയും നടുവിൽ സാനിയയുമാണ് ചിത്രത്തിലുള്ളത്. പേരിലെ ആദ്യ അക്ഷരങ്ങളെഴുതി അതിന് നേർക്ക് ഒപ്പുമിട്ട ചിത്രവും വരച്ചിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളും ചില ദൃശ്യങ്ങളും സ്‌കെച്ച് പെന്നിൽ കോറിയിട്ടിട്ടുണ്ട്.