കൊച്ചി : പശ്ചിമകൊച്ചിയിലേയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് വെട്ടിക്കുറച്ചതോടെ യാത്രാക്ലേശം പതിന്മടങ്ങു വർദ്ധിച്ചെന്ന് പരാതി. വകുപ്പിന്റെ എറണാകുളത്തെ പ്രാദേശിക ഓഫീസിലെ ചില ഉദ്യോഗസ്ഥർ പശ്ചിമകൊച്ചി ബോട്ട് സർവീസ് തകർക്കാൻ കിണഞ്ഞു ശ്രമിക്കുന്നതായി യാത്രക്കാർ ആരോപിക്കുന്നു.
പശ്ചിമകൊച്ചിയിലേക്ക് എറണാകുളത്തു നിന്നാണ് സർവീസുകൾ. ഫോർട്ട്കൊച്ചിയിലേക്കും ഹാർബർ ടെർമിനസിലേക്കും മട്ടാഞ്ചേരിലേക്കും ജലഗതാഗത വകുപ്പ് സർവീസ് നടത്തുന്നുണ്ട്. കൃത്യമായി സർവീസ് നടത്തുന്നതിന് പകരം യാത്രക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് കെ.ജെ. മാക്സി എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിൽ യാത്രക്കാർ ആരോപിച്ചു.
# മുമ്പ് ഇങ്ങനെ
എറണാകുളത്തു നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് 61 ട്രിപ്പുകൾ.
ഫോർട്ട്കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് 61 ട്രിപ്പുകൾ.
എറണാകുളത്തു നിന്ന് മട്ടാഞ്ചേരിയിലേക്ക് 25 ട്രിപ്പുകൾ.
മട്ടാഞ്ചേരിയിൽ നിന്ന് ഫോർട്ട്കൊച്ചി വഴി എറണാകുളത്തേക്ക് 25 ട്രിപ്പുകൾ.
# ട്രിപ്പുകൾ പകുതിയായി
എസ് 32 സ്റ്റീൽ ബോട്ട് വൈക്കത്തേയ്ക്ക് കൊണ്ടുപോയി.
പശ്ചിമകൊച്ചി സർവീസ് 61 ൽ നിന്ന് പകുതിയാക്കി.
മട്ടാഞ്ചേരി ട്രിപ്പുകൾ ഒരു വർഷമായി മുടങ്ങുന്നു.
# അറ്റകുറ്റപ്പണി 'സാ' മട്ടിൽ
ബോട്ട് കേടായാൽ നന്നാക്കാൻ ജാഗ്രതയില്ലെന്ന് യാത്രക്കാർ പറയുന്നു. മെക്കാനിക്കൽ സ്റ്റാഫിനെ കൊണ്ട് കാര്യക്ഷമമായി ജോലിയെടുപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കാറില്ല.
അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി സർവീസ് നടത്തിയാൽ യാത്രക്കാർക്ക് ആശ്വാസമാകും.
നിസാര പണിയുള്ള എസ്. 36 ആറു മാസമായി കെട്ടിയിട്ടിരിക്കുന്നു.
എസ് 33 ബോട്ടിന്റെ നിസാര പണി തീർത്തിട്ടില്ല.
എസ് 51 ബോട്ടിന് വെള്ളക്കേടാണ്. ഈ സ്റ്റീൽ ബോട്ട് രാവിലെ 8.40 നു ഫോർട്ട്കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് ഓടിക്കും. ഒറ്റ ട്രിപ്പിൽ തന്നെ ബോട്ട് കേടാവുന്നത് പതിവാണ്.
ജലഗതാഗത വകുപ്പിന്റെ എറണാകുളം ഫോർട്ട് കൊച്ചി റൂട്ടിലെ ബോട്ടുകൾ 2013 ആഗസ്റ്റ് 13 മുതൽ നടപ്പാക്കിയ സമയക്രമം അനുസരിച്ച് ഓടിക്കാനും മട്ടാഞ്ചേരി ബോട്ട് ഉടൻ ആരംഭിക്കാനും സത്വര നടപടി കൈക്കൊള്ളണം
# തകർക്കുന്നത് ഉദ്യോഗസ്ഥർ
എറണാകുളത്തെ ട്രാഫിക് സൂപ്രണ്ടും കൺട്രോളിംഗ് സ്റ്റേഷൻ മാസ്റ്ററുമാണ് പശ്ചിമകൊച്ചിയിലെ ജലഗതാഗതം താറുമാറാക്കുന്നത്. വൈപ്പിനിലേയ്ക്ക് കാലിയായി ബോട്ടോടിച്ചാലും ഫോർട്ട്കൊച്ചിയിലേയ്ക്ക് അയയ്ക്കരുതെന്ന് സ്റ്റേഷൻ മാസ്റ്റർ നിർദേശം നൽകാറുണ്ടെന്നാണ് ലാസ്‌കർമാർ യാത്രക്കാരോട് പറയുന്നത്.
എം.എം. അബ്ബാസ്
പ്രസിഡന്റ്
പശ്ചിമകൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ