ലോക്കൽ ഫണ്ട്ഓഡിറ്റിംഗിൽ കണ്ടെത്തിയത് വീഴ്ചകളുടെ പരമ്പര
ഇടപ്പള്ളി: ചേരാനല്ലൂർ പഞ്ചായത്തിലെ വൻ സാമ്പത്തിക ക്രമക്കേടുകളും വഴിവിട്ട നടപടികളും ലോക്കൽ ഫണ്ട് ഓഡിറ്റ് സംഘം കണ്ടെത്തി.
കെട്ടിട നികുതിയിനത്തിലും കരാർ നടപടികളിലും ഗുരുതരമാണ് വീഴ്ചകൾ. പരിശോധനകൾ
പൂർത്തിയായി. ഒരു മാസത്തിനകം റിപ്പോർട്ട് പഞ്ചായത്തിന് കൈമാറും.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അധ്യക്ഷനായ കമ്മറ്റിയിൽ ഓഡിറ്റ് സംഘം കണ്ടെത്തിയ വീഴ്ചകൾ അവതരിപ്പിച്ചു.
കെ.എ.മൈക്കിൾ, സി.ഡി. ശ്രീജിത്ത്, കവിത .എസ് .കണ്ണൻ
എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓഡിറ്റിംഗ്.
കണ്ടെത്തിയ വീഴ്ചകൾ
• കെട്ടിട നികുതി കുറവായിനിർണ്ണയിച്ചു. നൂറ് ചതുരശ്ര മീറ്റർ വരെ റിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് മീറ്ററിന് അമ്പതു രൂപയാണ് നികുതി. താഴെയുള്ളതിനു മുപ്പതു രൂപയും. നിരവധി വലിയ കെട്ടിടങ്ങൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കിയായിരുന്നു തട്ടിപ്പ്.
• ആഡംബര കെട്ടിടങ്ങളുടെ നികുതിയും കുറച്ചു കാണിച്ചു. ഒരു വൻകിട സ്ഥാപനത്തിന് കുറഞ്ഞ നികുതി
• ബസ് സ്റ്റാൻഡിന് കരാർ കൊടുത്തതിൽ വലിയ ക്രമക്കേട്. 26,500 രൂപയുടെ കുടിശിക രേഖകളിലില്ല.
• പൊതു കാര്യങ്ങൾക്കു വേണ്ടിയുള്ള അനുമതികളിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല
• തൊഴിൽ നികുതി നിശ്ചയിച്ചതിൽ ക്രമക്കേട്. ഒരു വിധ പരിശോധനകളും നടത്തിയിട്ടില്ല. എത്ര നഷ്ടമുണ്ടായെന്ന് കണക്കാക്കാൻ പോലും കഴിയാത്തത്ര വീഴ്ചകൾ.
• പഞ്ചായത്ത് കടമുറികളുടെ വാടക കുടിശികയിനത്തിൽ 57,678 രൂപയുടെ ക്രമക്കേട്. കുടിശിക രേഖകളിലില്ല. കുടിശികക്കാർക്ക് തന്നെ വീണ്ടും കരാർ കൊടുത്തു.
• വക്കീൽ ഫീസായി നൽകിയ 2,05,000 രൂപയിൽ നികുതി പിടിച്ചിട്ടില്ല.
• മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനായി കാമറകൾ സ്ഥാപിച്ചത് വെറുതേയായി. 17വാർഡുകളിലായി 51 നിരീക്ഷണ ക്യാമറകൾ വയ്ക്കാൻ അഞ്ചു ലക്ഷം രൂപയോളം ചിലവാക്കിയെങ്കിലും ഗുണകരമായില്ല.
• ആനുകൂല്യ വിതരണം തോന്നിയ പടി. ഗ്രാമസഭ ലിസ്റ്റുകൾ പോലും തഴഞ്ഞ് പഞ്ചായത്തു കമ്മറ്റിയുടെ ഇഷ്ടാനുസരണം തുക നൽകി.