കൊച്ചി : കൊച്ചി റിഫൈനറി ഉൾപ്പെടെ ഭാരത് പെട്രോളിയം കോർപറേഷനെ (ബി.പി.സി.എൽ) സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഉപതിരഞ്ഞെടുപ്പിനുശേഷം സംയുക്തപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും കോർപറേറ്റുകൾക്ക് ബി.പി.സി.എല്ലിനെ കൈമാറാനാണ് കേന്ദ്രനീക്കമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബി.പി.സി.എൽ ഉൾപ്പെടെ അഞ്ചു കമ്പനികളെയാണ് സ്വകാര്യവത്കരിക്കുന്നത്. വൻലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എല്ലിനെ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും വേണ്ടപ്പെട്ട അംബാനിമാർക്ക് വിറ്റഴിക്കാനാണ് നീക്കം. ദേശസാത്കരിക്കപ്പെട്ട കമ്പനികളുടെ ഓഹരി വിറ്റഴിക്കാൻ പാർലമെന്റിന്റെ അനുമതി വേണമെന്ന വ്യവസ്ഥയുണ്ട്. സുപ്രീംകോടതിയും ഇക്കാര്യം ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇവ രണ്ടും പാലിക്കാതെയാണ് സ്വകാര്യവത്കരണശ്രമം.
പത്താംതീയതി ചേരുന്ന എം.പിമാരുടെ യോഗത്തിൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സംസ്ഥാന സർക്കാരിന് ഒരു ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനി വിറ്റഴിക്കരുതെന്ന നിലപാട് സർക്കാരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മറ്റു രാഷ്ട്രീയ പാർട്ടികളെയും തൊഴിലാളി സംഘടനകളെയും അണിനിരത്തി പ്രതിഷേധിക്കുമെന്ന് റിഫൈനറി സ്ഥിതിചെയ്യുന്ന സ്ഥലത്തെ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു.
സ്വകാര്യവത്കരണം തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണറെ സമീപിക്കുമെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ പറഞ്ഞു. വൻവികസനം പൂർത്തിയാക്കുകയും പെട്രോകെമിക്കൽ കോംപ്ളക്സ് പദ്ധതിക്ക് നടപടി സ്വീകരിക്കുകയും ചെയ്ത സന്ദർഭത്തിൽ ബി.പി.സി.എല്ലിനെ വിറ്റഴിക്കുന്നത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.