കൊച്ചി : ഒറ്റക്കാലിൽ ക്രച്ചസിന്റെ സഹായത്തോടെ ആഫ്രിക്കയിലെ 19,341 അടി ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി കീഴടക്കാൻ ഒരുങ്ങുകയാണ് ആലുവ സ്വദേശി നീരജ് ജോർജ് ബേബി. ഈമാസം ഒമ്പതിന് കയറ്റം ആരംഭിച്ച് ഏഴു ദിവസം കൊണ്ട് മുകളിലെത്തുകയാണ് ലക്ഷ്യം.
എട്ടാം വയസിൽ അർബുദം ബാധിച്ചപ്പോഴാണ് നീരജിന്റെ ഇടതുകാൽ മുട്ടിന് മുകളിൽ മുറിച്ചുമാറ്റിയത്. "നാലു ചുവരുകൾക്കുള്ളിൽ ജീവിതം തളച്ചിടരുതെന്ന് അന്നേ ഞാൻ തീരുമാനിച്ചതാണ്. കാൽ നഷ്ടപ്പെട്ടെങ്കിലും മസനിനെയും ജീവിതത്തെയോ തളർത്താൻ കഴിഞ്ഞിട്ടില്ല." നീരജ് പറഞ്ഞു.
ആലുവ യു.സി കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം സ്കോട്ട്ലാൻഡിൽ നിന്നാണ് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റാണ് 32 കാരനായ നീരജ്. നാലു സഹായികളും കിളിമഞ്ചാരോ കയറാൻ ഒപ്പമുണ്ടാകും. വിജയിച്ചാൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കയറി റെക്കാഡ് കുറിക്കാൻ വീണ്ടും പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിൽ ട്രെക്കിംഗ് നടത്തിയിട്ടുണ്ട്. പാരാബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് ഓപ്പൺ പാരാ ബാഡ്മിന്റണിൽ സ്വർണ മെഡൽ നേടിയിട്ടുണ്ട്.
റിട്ടയേർഡ് പ്രൊഫസർ സി.എം. ബേബിയുടെയും ഡോ. ഷൈലാ പാപ്പുവിന്റെയും മകനാണ്. നിനോ രാജേഷാണ് സഹോദരി.