കൊച്ചി : കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഹ്രസ്വചിത്രങ്ങൾ കോർത്തിണക്കി രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. ക്ളബി മിനി മൂവി ഫെസ്റ്റിവൽ 2019 എന്ന മേള ഓൺലൈൻ പ്ളാറ്റ്ഫോമിലാണ് സംഘടിപ്പിക്കുന്നത്.
ഇൻഫോപാർക്കിലെ സിനിമക്ളബി ബിസിനസ് സൊലൂഷൻസ് ലിമിറ്റഡാണ് മേളയുടെ സംഘാടകർ. മൂന്നു ഘട്ടങ്ങളിലാണ് മേളയെന്ന് ക്ളബിയുടെ ചെയർമാനും സംവിധായകനുമായ പ്രിയദർശൻ പറഞ്ഞു. ബോളിവുഡ് സംവിധായകൻ അശോക് ത്യാഗിയാണ് ഫെസ്റ്റിവൽ ഡയറക്ടർ.
2009 മുതൽ 2019 വരെ ചിത്രീകരിച്ച മുപ്പതു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ചിത്രങ്ങൾ ക്ളബി ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാം. ജൂറിയും പൊതുജനങ്ങളും വോട്ടിംഗിലൂടെ മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കും. ഇന്ത്യൻ സിനിമയിലെ പ്രമുഖർ ജൂറി അംഗങ്ങളാകും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി ഭാഷകളിലെ ചിത്രങ്ങൾ പരിഗണിക്കും.
ഇരുപത്തഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക് നൽകും. മേളയുടെ ആദ്യഘട്ടം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ നോയിഡ ഫിലിം സിറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. സന്ദീപ് മാർവ നാളെ വൈകിട്ട് ആറിന് റിനൈ കൊച്ചിൻ ഹോട്ടലിൽ നിർവഹിക്കും. രണ്ടാം ഘട്ടം നോയിഡ ഫിലിം സിറ്റിയിലും മൂന്നാം ഘട്ടം ദുബായിലും നടക്കുമെന്ന് സിനിമ ക്ളബി സി.ഇ.ഒ വിഷ്ണു സുരേന്ദ്രനാഥ് പറഞ്ഞു.