കൊച്ചി : ബിവറേജസ് കോർപ്പറേഷൻ കടവന്ത്രയിൽ നടത്തിയിരുന്ന വിദേശ മദ്യവില്പനശാല തൃപ്പൂണിത്തുറ നഗരസഭയുടെയും ഉദയംപേരൂർ പഞ്ചായത്തിന്റെയും അതിർത്തിയിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെ തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.പി. പ്രസാദ് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഉദയംപേരൂർ പഞ്ചായത്തിന്റെ അതിർത്തിയിൽ നേരത്തെ ഒരു വിദേശ മദ്യവില്പന ശാല പ്രവർത്തിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധവും സമരവും കാരണം ഇതു പൂട്ടി. തുടർന്ന് പകവീട്ടാനാണ് ബിവറേജസ് കോർപ്പറേഷനും എക്സൈസ് വകുപ്പും ചേർന്ന് അതേ സ്ഥലത്ത് വീണ്ടും വിദേശ മദ്യവില്പന ശാല തുടങ്ങിയതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. ഇതിനെതിരെ നാട്ടുകാർ സമരം തുടങ്ങിയിട്ടുണ്ട്. വിദേശമദ്യ വില്പനശാല ഇവിടെ നിന്നു മാറ്റി കടവന്ത്രയിലേക്ക് തിരിച്ചു കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലയിലാണ് മദ്യവില്പനശാല തുടങ്ങിയതെന്നും ഹർജിയിൽ പറയുന്നു.