മഴ കണ്ട് കൊതി​ച്ചത് വെറുതെയായി​

വൈപ്പിൻ: കഴിഞ്ഞ വേനൽ കഴിഞ്ഞ് ആവശ്യത്തിൽ കൂടുതൽ മഴ ലഭിച്ചപ്പോൾ ഇക്കൊല്ലം സീസണിൽ ധാരാളം മീനുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികൾ. എന്നാൽചാള കടലിൽ നിന്നും അപ്രത്യക്ഷമായി​. ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കാര്യമായി ഒന്നും കിട്ടിയില്ല. മഴകൂടിയതോടെ കടലിൽ അയില ധാരാളം ഉണ്ടാകും എന്ന് പ്രവചിച്ചഗവേഷകർക്കും തെറ്റി .ആഗസ്റ്റ്, സെപ്തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽവള്ളംനിറയെ കിട്ടേണ്ടിയിരുന്ന അയില ആഗസ്റ്റ് മാസത്തിൽ മാത്രം വളരെക്കുറച്ച് കിട്ടി. വലിയ പ്രതീക്ഷയിൽ കടം വാങ്ങിയും,വായ്പയെടുത്തും വള്ളമിറക്കിയ ആളുകൾ ദുരിതത്തിലായി.
കടലിൽ മത്സ്യലഭ്യത കുറഞ്ഞതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും, മത്സ്യത്തൊഴിലാളികളുടെ വായ്പകൾകാർഷിക വായ്പയിൽപ്പെടുത്തി മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കാണിച്ച് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി മുഖ്യമന്ത്രിക്കും, ഫിഷറീസ് മന്ത്രിക്കും, മത്സ്യഫെഡ് ചെയർമാനും കത്തയക്കും.സഹകരണ സംഘം പ്രസിഡന്റുമാരേയും മത്സ്യഫെഡ്, ഫിഷറീസ് ഉദ്യോഗസ്ഥർ ,വിവിധ മത്സ്യത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ എന്നിവരെയും ഉൾപ്പെടുത്തി​ എറണാകുളത്ത് ആലോചനായോഗം സംഘടിപ്പിക്കാൻ പരമ്പരാഗത മത്സ്യതൊഴിലാളികൾ ശ്രമിക്കുന്നുണ്ട്.

പ്രളയം, ആഗോള താപനം, എൽനിനോ പ്രതിഭാസം, അശാസ്ത്രീയമായ മത്സ്യബന്ധനം ഇവയെല്ലാംപരമ്പരാഗത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലും കടക്കെണിയിലുമാക്കി

ചാള ഇല്ലെങ്കി​ൽ

ഓഖി ദുരന്തം കഴിഞ്ഞ് കടലിൽ മത്സ്യലഭ്യത കുറഞ്ഞ് മത്സ്യത്തൊഴിലാളികൾ പട്ടിണിയിലായിരുന്നു. കടങ്ങൾ കൂടിയപ്പോൾ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡിൽ നിന്ന് വായ്പ എടുത്തിട്ടുള്ള വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടി​രുന്നു. ഇനി വരും മാസങ്ങളിൽ ചാളയില്ലെങ്കിൽ അടുത്ത എട്ട് മാസക്കാലം പരമ്പരാഗത യാനങ്ങൾ എല്ലാം തന്നെ കെട്ടിയിടേണ്ടിവരും. ,

അശാസ്ത്രീയമായ മത്സ്യബന്ധനം

ലൈറ്റ് ഇട്ട് മീൻ പിടുത്തം

പെലാജിക് വലയുടെ അമിത ചൂഷണം

ഗുജറാത്തി വലയുടെ വരവ്

ചെറിയ മത്സ്യങ്ങളെ പിടി​ക്കുന്നത്