വൈപ്പിൻ: വ്യാപാരിയെ വിളിച്ചു കൊണ്ടുപോയി പൂട്ടിയിട്ട് കത്തി കാട്ടി വധഭീഷണി മുഴക്കിയ കേസിൽ മുനമ്പം പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി.
ചെറായി എസ്. ജെ. ഗ്ലാസ് ആന്റ് പ്ലൈവുഡ് ഉടമ ചെറായി കോട്ടവാതുക്കൽ ഷിബുവിനെ ജൂലായ് അഞ്ചിന് വൈകീട്ട് 4.30 ന് കടയിൽ നിന്നു ജീപ്പിൽ കയറ്റി മുനമ്പത്ത് എത്തിച്ച് ആളില്ലാത്ത വീട്ടിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.. ഭാര്യയോടൊപ്പമെത്തി നടത്തിയ പത്രസമ്മേളനത്തിലാണ് ഷിബു ഇക്കാര്യങ്ങൾ വിശദീകരിച്ചത്. മുനമ്പം സ്വദേശിയായ ഫിഷിംഗ് ബോട്ട് നിർമാതാവും മകനും ഉൾപ്പെടെഅഞ്ചംഗസംഘം കമ്പിപ്പാരയും കത്തിയും കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. ബോട്ട് നിർമാതാവ് കടയിൽ നിന്നു പ്ലൈവുഡ് കടമായി എടുക്കുമായിരുന്നു. ഈ ഇനത്തിൽ 21 ലക്ഷം രൂപ നൽകാനുണ്ടെന്നും അത് ചോദിച്ചതാണ് തട്ടിക്കൊണ്ടുപോകലിനിടയാക്കിയതെന്നും ഷിബു പറഞ്ഞു.
ഇക്കാര്യം കാണിച്ച് മുനമ്പം പൊലീസിനും, എസ്.പി ക്കും ,മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഞാറയ്ക്കൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച സ്വകാര്യ ഹർജിയിൽ എഫ്. ഐ. ആർ ഫയൽ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം