choondy
പൈപ്പിട‌ാനായി ചൂണ്ടി - രാമമംഗലം റോഡ് കുത്തിപ്പൊളിക്കുന്നj

കോലഞ്ചേരി: ചൂണ്ടി - രാമമംഗലം റോഡിലെ കുത്തിപ്പൊളിക്കൽ ‌എന്നു തീരും? ചോദ്യം സഹികെട്ട നാട്ടുകാരുടേതാണ്. രാമമംഗലം പുഴയിൽ നിന്ന് ചൂണ്ടിയിലെ ജലശുദ്ധീകരണ ശാലയിലേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാൻ രണ്ടരവർഷം റോഡ് കുത്തിപ്പൊളിച്ചിട്ടിരുന്നു. പൈപ്പിട്ടശേഷം ഒരു വർഷം മുമ്പാണ് റോഡ് ടാർ ചെയ്തത്.

ടാർ ചെയ്ത ശേഷം പൈപ്പ് പൊട്ടി മൂന്നുപ്രാവശ്യം റോഡുതകർന്നു. വിമർശനം രൂക്ഷമായതോടെ സ്ഥിരമായി പൈപ്പുപൊട്ടുന്ന ഭാഗങ്ങളിൽ ടൈൽവിരിച്ചു. പക്ഷേ അവിടെയും പൈപ്പ് പൊട്ടൽ തുടർന്നു. തകർന്ന ടൈലുകൾ അറ്റകുറ്റപ്പണി പൂർത്തിയായതിനു തൊട്ടുപിന്നാലെ കഴിഞ്ഞദിവസം കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാനായി റോഡ് വീണ്ടും കുത്തിപ്പൊളിക്കുകയാണ്. മീമ്പാറ, ചൂണ്ടി മേഖലകളിലേയ്ക്കുള്ള കുടിവെള്ള വിതരണമാണ് ലക്ഷ്യമിടുന്നത്.

നിലവാരമില്ലാത്ത പൈപ്പുകൾക്ക് വെള്ളത്തിന്റെ മർദ്ദം താങ്ങാൻ കഴിയാത്തതിനാലാണ് അടിക്കടി പൊട്ടി വെള്ളം പാഴാകാൻ കാരണമെന്ന വിമർശനം ശക്തമാണ്.

നേരത്തെ രണ്ടരവർഷം റോഡ് പൊളിച്ചിട്ടതോടെ മീമ്പാറ ഭാഗത്തേയ്ക്കുള്ള വാഹനഗതാഗതം തടസപ്പെട്ടിരുന്നു. വീണ്ടും പൈപ്പിടുന്നതിന് കുത്തിപ്പൊളിക്കുന്നതോടെ ഒരുവർഷം മുമ്പ് ചെയ്ത ടാറിംഗും പൊളിയുകയാണ്. ഇതോടെ വീണ്ടും ഗതാഗത തടസമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ദീർഘ വീക്ഷണമില്ലാത്ത

നടപടി

ദീർഘ വീക്ഷണമില്ലാതെയുള്ള ഉദ്യോഗസ്ഥരുടെ നടപടികളാണ് ഇടയ്ക്കിടെ റോഡ് കുത്തിപ്പൊളിക്കുന്നതിന് ഇടയാക്കുന്നതെന്ന് പൊതു പ്രവർത്തകൻ അഡ്വ. സജോ സക്കറിയ ആൻഡ്രൂസ് പറഞ്ഞു.