eldhose-kunnappilli-m-l-a
വെങ്ങോല പഞ്ചായത്തിലെ ടാങ്ക് സിറ്റിയിലെ പാലം നിർമ്മാണത്തെ ചൊല്ലി നാട്ടുകാരും ഉദ്ദ്യോഗസ്ഥരും തമ്മിലുള്ള തർക്കം എൽദോസ് കുന്നാപ്പിള്ളി എം. എൽ. എ ഇടപെട്ട് പരിഹരിക്കുന്നു

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിലെ ടാങ്ക് സിറ്റിയിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ ബ്രാഞ്ച് പെരിയാർ വാലി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും 27.21 ലക്ഷം രൂപയാണ് അനുവദിച്ചത്. പാലത്തിന് 9.3 മീറ്റർ നീളവും 5 മീറ്റർ വീതിയുമുണ്ടാകും. നിലവിലുള്ള പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്.

54 വർഷം പഴക്കമുള്ള നിലവിലുള്ള പാലം ഇടുങ്ങിയതും കാലപ്പഴക്കം മൂലം ബലക്ഷയമുള്ളതുമാണ്.

പെരുമ്പാവൂർ, കോലഞ്ചേരി, മൂവാറ്റുപുഴ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനായ ടാങ്ക് സിറ്റിയുടെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ വേഗം കൂടും.

അതേ സമയം പുതിയതായി നിർമ്മിക്കുന്ന പാലം നിലവിലുള്ള പാലത്തിനോട് ചേർന്ന് വരത്തക്കവിധം നിർമ്മിക്കണമെന്ന് ചടങ്ങിനിടെ പ്രദേശവാസികൾ ആവശ്യപ്പെട്ടു. തുടർന്ന് പെരിയാർവാലി ഉദ്യോഗസ്ഥരും പ്രദേശവാസികളുമായി നടത്തിയ ചർച്ചയിൽ ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ സാങ്കേതിക തടസമില്ലാതെ നിർമ്മാണം പൂർത്തിയാക്കാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർദേശം നൽകി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, കെ. അശോകൻ, എൽദോ മോസസ്, കെ.എൻ. സുകുമാരൻ, എം.പി. ജോർജ്, എം.എം ഷാജഹാൻ, പി.പി യാക്കോബ്, പി.എ ജോസ്, അജിത്ത് കടമ്പനാട്, നോബി ഇട്ടൻ തുടങ്ങിയവർ പങ്കെടുത്തു.